രവീണ ജിതിന്‍|
Last Modified വെള്ളി, 10 ജനുവരി 2020 (17:14 IST)
മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കും എന്ന് ആര്‍ക്കും നിശ്ചയമില്ല. ധോണി ഇനി ട്വന്‍റി20യില്‍ മാത്രമായിരിക്കുമെന്ന് രവിശാസ്ത്രി സൂചന നല്‍കിയെങ്കിലും ധോണി ഇക്കാര്യം എവിടെയും പറഞ്ഞിട്ടില്ല. എപ്പോള്‍ വിരമിക്കണം എന്നുള്ളത് ധോണിയുടെ മാത്രം തീരുമാനമായി മാറിയിരിക്കുന്നു. അതുപോലെതന്നെയാണ് വെസ്‌റ്റിന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയിലിന്‍റെ കാര്യവും.
ഗെയില്‍ എപ്പോള്‍ വിരമിക്കും എന്നതിനെപ്പറ്റി ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. എന്നാല്‍ നാല്‍പ്പത്തഞ്ചുവയസുവരെ ക്രിക്കറ്റില്‍ തുടരാനാണ് തീരുമാനമെന്നാണ് ഗെയില്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഉടനെയൊന്നും വിരമിക്കണം എന്ന ആവശ്യവുമായി ആരും ആ ഭാഗത്തേക്ക് പോകേണ്ടതില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍ സജീവമല്ല. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരാന്‍ തന്നെയാണ് ഗെയിലിന്‍റെ തീരുമാനം. ഐ പി എല്‍ പോലെയുള്ള കൂടുതല്‍ ടൂര്‍ണമെന്‍റുകളാണ് അദ്ദേഹത്തിന്‍റെ ലക്‍ഷ്യം. ഓരോദിവസവും താന്‍ ചെറുപ്പമാകുന്നതായാണ് തോന്നുന്നതെന്നും അതുകൊണ്ടുതന്നെ 45 വയസുവരെ റിട്ടയര്‍മെന്‍റിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് ഗെയില്‍ പറയുന്നത്.
ട്വന്‍റി20 ലോകകപ്പില്‍ വിന്‍ഡീസിനുവേണ്ടി ക്രിസ് ഗെയില്‍ ഇറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗെയിലും അതാഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ എന്ത് തീരുമാനം വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭാഗത്തുനിന്നുണ്ടാകും എന്ന് ഇപ്പോള്‍ പറയാനാകില്ല.
വിന്‍ഡീസിനുവേണ്ടി ക്രീസില്‍ ബാറ്റേന്തി ക്രിസ് ഗെയില്‍ നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ലോകമെമ്പാടുമുണ്ട്. ധോണിയുടെ കാര്യത്തിലും അതേ ആഗ്രഹം തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ വച്ചുപുലര്‍ത്തുന്നത്.