പുനെ|
അനില്‍ പ്രഭാകര്‍|
Last Modified വ്യാഴം, 9 ജനുവരി 2020 (18:52 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്‍റി20 മത്‌സരം ഇന്ത്യ ഈസിയായി ജയിച്ചെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോം ഔട്ടിലാണെന്നത് ഇന്ത്യയ്ക്ക് ആശങ്കയുണര്‍ത്തുന്നു. വളരെ കഷ്‌ടപ്പെട്ടാണ് ഓരോ റണ്ണും ധവാന്‍ സ്കോര്‍ ചെയ്യുന്നത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ അനായാസം ബൌണ്ടറികള്‍ പായിക്കുമ്പോള്‍ ധവാന്‍ ക്രീസില്‍ നട്ടം തിരിയുകയായിരുന്നു.
29 പന്തുകള്‍ നേരിട്ട് 32 റണ്‍സായിരുന്നു ശിഖര്‍ ധവാന്‍ നേടിയത്. രാഹുല്‍ അടിച്ചുപറത്തുമ്പോള്‍ ധവാന്‍ റണ്‍സ് നേടാനാകാതെ വിഷമിച്ചു. പുറത്താകാതെ പിടിച്ചുനില്‍ക്കാന്‍ നടത്തിയ വലിയ ശ്രമം കൊണ്ടുമാത്രമാണ് ധവാന് 32 റണ്‍സ് വരെയെങ്കിലും എത്താന്‍ കഴിഞ്ഞത്. അതിനിടെ രണ്ടുബൌണ്ടറികള്‍ മാത്രമാണ് ധവാന്‍ സ്വന്തമാക്കിയത്.
കേരളത്തിന്‍റെ അഭിമാനതാരമായ സഞ്‌ജു സാംസണ്‍ അവസരം കിട്ടാതെ കാത്തിരിക്കുമ്പോഴാണ് ഫോമില്ലാതെ ഉഴറുന്ന ധവാനെ ഓപ്പണറായി ഇറക്കുന്നത്. മൂന്നാം ട്വന്‍റി 20യിലും ഓപ്പണറായി ധവാന്‍ തന്നെയെത്തും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ജയത്തിനായി രണ്ടും കല്‍പ്പിച്ചിറങ്ങുന്ന ശ്രീലങ്കയ്ക്ക് മുന്നില്‍ ഫോം ഔട്ടായ ധവാന്‍റെ പ്രകടനം എങ്ങനെയായിരിക്കും എന്ന് കാത്തിരുന്ന് കാണാം.
പുനെയില്‍ നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഫൈനലിന് തുല്യമാണ്. ജയിച്ചാല്‍ കിരീടം നേടാം. പരാജയപ്പെട്ടാല്‍ പരമ്പര സമനിലയാകും. ശിഖര്‍ ധവാന്‍ മുട്ടിക്കളി തുടര്‍ന്നാല്‍ അത് ബാധിക്കുന്നത് ഇന്ത്യയുടെ വിജയപ്രതീക്ഷയെത്തന്നെയാവും.