Cheteshwar Pujara: 'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊണ്ടു, വലിയ വെല്ലുവിളി'; ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍മിപ്പിച്ച് പുജാര

ഷോട്ടുകള്‍ കളിക്കുന്നതിനേക്കാള്‍ പന്തുകള്‍ ശരീരംകൊണ്ട് പ്രതിരോധിക്കുകയായിരുന്നു എന്റെ പദ്ധതി

Pujara, Cheteshwar Pujara Retired, ചേതേശ്വര്‍ പുജാര
Cheteshwar Pujara
രേണുക വേണു| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2025 (08:32 IST)

Cheteshwar Pujara: 2021 ലെ ഓസ്‌ട്രേലിയന്‍ പര്യടനം ഒരിക്കലും മറക്കില്ലെന്ന് കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്
വിരമിച്ച ചേതേശ്വര്‍ പുജാര. ഗാബ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ 56 റണ്‍സ് താന്‍ ഓര്‍ത്തുവയ്ക്കുന്ന മികച്ച ഇന്നിങ്‌സുകളുടെ പട്ടികയില്‍ ഒന്നാണെന്നും പുജാര പറഞ്ഞു. ക്രിക്ബസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2021 ലെ ഓസ്‌ട്രേലിയന്‍ പര്യടനം ഒരുപാട് ഓര്‍മകള്‍ നിറഞ്ഞതാണ്. ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിച്ച പിച്ചായിരുന്നു അത്. അപ്രതീക്ഷിത ബൗണ്‍സായിരുന്നു പ്രധാന കാരണം. അത്തരത്തിലുള്ള ഒരുപാട് ഡെലിവറികള്‍ നേരിടേണ്ടിവന്നു. അങ്ങനെയൊരു സാഹചര്യത്തില്‍, ഓസ്‌ട്രേലിയയുടെ ബൗളിങ് ലൈനപ്പ് കൂടി പരിഗണിക്കുമ്പോള്‍ വലിയൊരു വെല്ലുവിളിയായിരുന്നു ബാറ്റിങ്. എന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ പന്ത് കൊണ്ടു,' പുജാര പറഞ്ഞു.

ഷോട്ടുകള്‍ കളിക്കുന്നതിനേക്കാള്‍ പന്തുകള്‍ ശരീരംകൊണ്ട് പ്രതിരോധിക്കുകയായിരുന്നു എന്റെ പദ്ധതി. ഞാന്‍ അതില്‍ ഉറച്ചുനിന്നു. ഈ രീതിയില്‍ കളിച്ചത് ഫലപ്രദമാകുകയും ചെയ്തു. എന്റെ വിരലിനു പരുക്കേറ്റു. അവസാനം കളി ഞങ്ങള്‍ ജയിച്ചതിനാല്‍ ആ വേദനയെല്ലാം വലിയ വിലയുള്ളതായിരുന്നു - പുജാര പങ്കുവെച്ചു.

'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊള്ളുമ്പോള്‍ ഏത് കളിക്കാരനും ആത്മവിശ്വാസം നഷ്ടപ്പെടും. ഒന്നോ രണ്ടോ തവണ ദേഹത്ത് പന്ത് കൊള്ളുമ്പോള്‍ ഏതൊരു കളിക്കാരനും പിടിച്ചുനില്‍ക്കാന്‍ സാധിക്കും. അതൊരു സാധാരണ കാര്യവുമാണ്. എന്നാല്‍ തുടര്‍ച്ചയായി അങ്ങനെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്കു പരീക്ഷണം തുടങ്ങുകയാണ്. മാനസികമായി കരുത്തരല്ലെങ്കില്‍ മോശം ഷോട്ടിലൂടെ നിങ്ങള്‍ വിക്കറ്റ് വലിച്ചെറിയാന്‍ സാധ്യതയുണ്ട്,' പുജാര കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :