അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (17:50 IST)
ന്യൂസിലൻഡിനെതിരായ ഏകദിനപരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ പേസ് ബൗളിങ്ങ് താരം ജസ്‌പ്രീത് ബുമ്രക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ബാറ്റ്സ്മാനിൽ നിന്നും ബഹുമാനം മാത്രം ലഭിച്ചാൽ പോരെന്നും ബുമ്ര കൂടുതൽ ആക്രമണോത്സുകനാകണമെന്നുമാണ് ഇന്ത്യൻ മുൻ പേസ് താരം പറയുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബുമ്ര തന്റെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ കണക്കിലെടുക്കുമ്പോള്‍ തീർച്ചയായും ഇപ്പോൾ നേരിടുന്ന വിമർശനങ്ങളോടെല്ലാം അദ്ദേഹം പോരാടിയെ മതിയാവു എന്നും
സഹീർ ഖാൻ പറഞ്ഞു. ബുമ്രയുടെ 10 ഓവറിൽ 35 റൺസടിച്ചാലും മതി അദ്ദേഹത്തിന് വിക്കറ്റ് കൊടുക്കാതിരുന്നാൽ മാത്രം മതിയെന്നാണ് ബാറ്റ്സ്മാന്മാർ ഇപ്പോൾ കരുതുന്നത്. കാരണം മറ്റ് ബൗളർമാരെ അടിച്ച് റൺസെടുക്കാം എന്നാണ് അവർ കണക്കുകൂട്ടുന്നത്. അതിനാൽ തന്നെ ഈ അവസ്ഥ മറികടക്കണമെങ്കിൽ ബുമ്ര കൂടുതൽ ആക്രമണോത്സുകനായെ പറ്റുവെന്നും സഹീർ പറഞ്ഞു.
കാരണം പ്രതിരോധാത്മകമായി ബുമ്രയെ നേരിടാനാണ് ബാറ്റ്സ്മാന്മാർ ഇപ്പോൾ ശ്രമിക്കുന്നത് എന്നത് അദ്ദേഹത്തിനിപ്പോൾ നല്ലത് പോലെ അറിയാം.അതുകൊണ്ടുതന്നെ ബാറ്റ്സ്മാന്‍ പിഴവ് വരുത്തുന്നതിന് കാത്തു നില്‍ക്കാതെ അദ്ദേഹം വിക്കറ്റിനായി തന്നെ ശ്രമിക്കണം.ബുമ്രയുടെ ഓവറുകള്‍ എങ്ങനെയും തീര്‍ത്ത് മറ്റ് ബൗളര്‍മാരെ അടിക്കാമെന്ന ബാറ്റ്സ്മാന്‍മാരുടെ ചിന്താഗതിയെ മറികടക്കേണ്ടത് ബുമ്രയുടെ തന്നെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ബാറ്റ്സ്മാന്മാരെ കൊണ്ട്
ഷോട്ട് കളിപ്പിച്ച് വിക്കറ്റ് നേടാൻ ബുമ്ര ശ്രമിക്കണം. കാരണം പരമ്പരാഗത ശൈലിയില്‍ നേരിട്ട് ബുമ്രയുടെ വിക്കറ്റ് കോളം പൂജ്യമാക്കി നിര്‍ത്താനാണ് എതിർ ബാറ്റ്സ്മാന്മാർ ഇപ്പോൾ ശ്രമിക്കുന്നത് സഹീർ പറഞ്ഞു.
ഏകദിനപരമ്പരയിൽ പ്രകടനം മോശമായതിനെ തുടർന്ന് പുതിയതായി പുറത്തിറങ്ങിയ ഐസിസി റാങ്കിങ്ങ് പട്ടികയിൽ ബുമ്ര താഴോട്ട് പോയിരുന്നു. ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താനാവാതിരുന്ന ബുമ്ര ഈ മാസം 21ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.