കിവീസ് പരമ്പരയിലെ മോശം പ്രകടനം: റാങ്കിങ്ങിൽ തിരിച്ചടിയേറ്റ് ബു‌മ്ര

അഭിറാം മനോഹർ| Last Updated: വ്യാഴം, 13 ഫെബ്രുവരി 2020 (12:46 IST)
ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രക്ക് തിരിച്ചടി. ഏകദിന പരമ്പരയിൽ ഒറ്റ വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിനെ തുടർന്ന് താരം ഇപ്പോൾ ബൗളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബൗളർമാരുടെ ഐസിസി പട്ടികയിൽ 727റേറ്റിംഗ് പോയിന്റോടെ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാമതുള്ളത്. ബു‌മ്രക്ക് 719 റേറ്റിംഗ് പോയിന്റുകളാണള്ളത്. ബുമ്രയെ കൂടാതെ മറ്റ് ഇന്ത്യൻ ബൗളർമാരാരും പട്ടികയിലില്ല. ഇതുവരെയുള്ള കരിയറില്‍ ബുംറ ഒരു പരമ്പരയില്‍ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്. കിവീസിനെതിരായ പരമ്പരയിൽ 30 ഓവറുകൾ തികച്ചെറിഞ്ഞ ബു‌മ്ര 167 റൺസുകൾ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതാണ് റാങ്കിങ്ങിൽ ഇന്ത്യൻ താരം പുറകോട്ട് പോകുവാനുള്ള കാരണം.

അതേ സമയം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ
മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റാങ്കിങ്ങിൽ മാറ്റമില്ല. 869 പോയന്റോടെ കോലി ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ 855 പോയന്റുള്ള രോഹിത് ശര്‍മയാണ് രണ്ടാമതുള്ളത്. പാകിസ്ഥാൻ താരമായ ബാബർ അസമാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഓൾറൗണ്ടർമാരിൽ മുഹമ്മദ് നബി ഒന്നാമതും ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തും തുടരുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ പട്ടികയിൽ ഏഴാമതായി ഇടം പിടിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :