ചതുർദിന ടെസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി ലാറ, ടി20 ലോകകപ്പ് ജേതാക്കൾ ആരാവുമെന്നും പ്രവചനം

അഭിറാം മനോഹർ| Last Updated: ബുധന്‍, 29 ജനുവരി 2020 (12:46 IST)
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ നാല് ദിവസങ്ങളായി ചുരുക്കാനുള്ള ഐസിസി നീക്കത്തെ എതിർത്ത് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി മത്സരദിവസം അഞ്ചിൽ നിന്ന് നാലാക്കി ചുരുക്കാൻ ആലോചിക്കുന്നതെങ്കിലും ഐസിസി ഉദ്ദേശിക്കുന്ന പ്രയോജനം പുതിയ പരിഷ്കരണത്തോടെ കിട്ടില്ലെന്നാണ് വിൻഡീസ് ബാറ്റിങ് ഇതിഹാസം പറയുന്നത്.

നിലവിൽ സ്റ്റീവ് സ്മിത്തും ജോ റൂട്ടുമൊക്കെ ടെസ്റ്റിൽ നന്നായി കളിക്കുന്നുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോലിയെ വ്യത്യസ്തനാക്കുന്നതായി ലാറ പറയുന്നു.

ചതുർദിന ടെസ്റ്റ് എന്ന ആശയത്തിന്റെ മേൽ രണ്ട് തട്ടിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ. ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പിന്തുണ നൽകിയിരുന്നു. എന്നാൽ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിക്കി പോണ്ടിംഗും ഗ്ലെന്‍ മഗ്രാത്തും അടക്കമുള്ളവർ ഐസിസി നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും പരിശീലകന്‍ രവി ശാസ്‌ത്രിയും പുതിയ നീക്കത്തെ എതിർത്തവരിൽ ഉൾപ്പെടുന്നു.

അതേ സമയം ലോകകപ്പ് ടി20യിൽ ഇന്ത്യയുടെ ജയസാധ്യതകളെ കുറിച്ചും ലാറ മനസ്സ് തുറന്നു. ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീം ഇന്ത്യയാണെന്നാണ് ലാറയുടെ അഭിപ്രായം. ഇതിന് നോക്കൗട്ട് കടമ്പയെന്ന് വെല്ലുവിളി ഇന്ത്യ അതിജീവിക്കണമെന്നും ലാറ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :