കളിക്കളത്തിൽ ചൂടൻ, പക്ഷേ ക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരമെന്ന് ഐസിസി

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജനുവരി 2020 (12:20 IST)
ഇത്തവണത്തെ ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുൻ വർഷങ്ങളിലേത് പോലെ പ്രധാനപ്പെട്ട പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കിയത് ഇന്ത്യയുടെയും ഓസീസിന്റെയും താരങ്ങളാണ്. കൂട്ടത്തിൽ ഇന്ത്യയുടെ മികച്ച ഏകദിനതാരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കിയപ്പോൾ
ഐസിസിയുടെ ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകനായി തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ വിരാട് കോലിയെയായിരുന്നു. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം തന്നെ മറ്റൊരു നേട്ടവും വിരാട് കോലി സ്വന്തമാക്കി.

കഴിഞ്ഞ വർഷത്തെ ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകൻ എന്ന നേട്ടത്തിന് പുറമെ ക്രിക്കറ്റിന്റെ സ്പിരിറ്റ് കാത്തുസൂക്ഷിച്ചതിന്റെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരമാണ് ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്. ലോകകപ്പിലെ ഇന്ത്യ-ഓസീസ് പോരാട്ടത്തിനിടയിൽ ഇന്ത്യൻ ആരാധകർ ഓസീസ് താരമായ സ്റ്റീവ് സ്മിത്തിനെ കൂവിയപ്പോൾ അവരോട് മിണ്ടാതിരിക്കാൻ പറയുകയും കൈയ്യടിക്കാൻ ആവശ്യപ്പെടുകയും ചെയ്തതാണ് കോലിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനാക്കിയത്.

ഇത്രയും കാലം കളിക്കളത്തിലെ ചൂടൻ പെരുമാറ്റത്തിന്റെ പേരിൽ പേരുകേട്ട കോലി തന്നെയാണ് ഐസിസിയുടെ പ്രഖ്യാപനത്തിൽ ആദ്യം ഞെട്ടിയതും പുരസ്കാരം ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തി എന്നതായിരുന്നു കോലിയുടെ ആദ്യപ്രതികരണം. വർഷങ്ങളോളം കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ നിഴലിലായിരുന്നു താനെന്നും കോലി പറഞ്ഞു.

എന്നാൽ തിരിച്ചടികൾക്ക് ശേഷം കളിക്കാൻ തിരിച്ചെത്തിയ സ്മിത്തിനെ പിന്തുണക്കാനുള്ള തീരുമാനം വ്യക്തിപരമായിരുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് വരുന്ന കളിക്കാരനെ പിന്തുണക്കാനാണ് ശ്രമിക്കെണ്ടതെന്നും ക്രൂശിക്കരുതെന്നും കോലി പറഞ്ഞു.ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകരുടെ പക്ഷത്തുനിന്ന് ഇത്തരം നടപടിയല്ല പ്രതീക്ഷിച്ചതെന്നും കോലി കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :