നിങ്ങൾ കാട്ടിയ മാജിക് എന്താണെന്ന് ഞാൻ കണ്ടതാണ്, ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി നിർമാതാവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (10:22 IST)
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തൂവന്നിരുന്നു. 31 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ചിത്രം ഇന്നലെ പാക്കപ്പ് ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര.

പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനറായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് സിനിമ നിര്‍മിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകളാണ് ഈ ബാനറില്‍ പുറത്തിറങ്ങുക. സിനിമയെ പറ്റി നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ 'നന്ദി മമ്മൂക്ക, എന്നെ വിശ്വസിച്ചതിനും ഭ്രമയുഗത്തിലൂടെ അങ്ങേയ്‌ക്കൊപ്പം മലയാളത്തിലെ എന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിനുള്ള അവസരം തന്നതിനും. ഈ ചിത്രത്തില്‍ അങ്ങ് കാട്ടിയ മാജിക് ഞാനും രാഹുലും കണ്ടതാണ്. മറക്കാനാവാത്ത ഈ അനുഭവം ഞങ്ങള്‍ മനസില്‍ എന്നും താലോലിക്കും. പ്രേക്ഷകര്‍ അത് ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം'. ചക്രവര്‍ത്തി രാമചന്ദ്ര കുറിച്ചു.

ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ ഭരതന്‍,അമാന്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :