ധോണി ഇനി ടീമിലെത്തുക വിടവാങ്ങൽ പരമ്പരക്ക് വേണ്ടി മാത്രം

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 25 ഒക്‌ടോബര്‍ 2019 (18:08 IST)
സൗരവ് ഗാംഗുലി ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റതോടെ ധോണി ഇനി കളിക്കുമോ എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങിയതാണ്. എന്നാൽ ധോണി ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ധോണി ഇനി ദേശീയ ടീമിലേക്ക് മടങ്ങിയെത്തും എങ്കിൽ അത് വിടവാങ്ങൽ പരമ്പരക്ക് വേണ്ടി മാത്രമായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിടവാങ്ങൽ പരമ്പരക്കല്ലാതെ മറ്റൊരു മത്സരത്തിലേക്കും ധോണിയുടെ പേര് സെലക്ഷൻ കമ്മറ്റി ഇനി പരിഗണിച്ചേക്കില്ല. ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളോട് കൂട്ടിവായിക്കാവുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിരമിക്കലിനെ കുറിച്ച് താരം പ്രതികരിക്കാൻ തയ്യാറായിട്ടില്ല എങ്കിലും ഒരിടവേള എടുത്ത ശേഷം. ഒരു പരമ്പരയിൽ മികച്ച പ്രകടനം നടത്തി വിരമിക്കൽ പ്രഖ്യാപിക്കുക എന്നതാവും ധോണിയും കണക്കുകൂട്ടുന്നത്.

2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് സെമിയിൽ പരാജയപ്പെട്ട ശേഷം ധോണി ഇതേവരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തിയ വിൻഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളിൽനിന്നും സ്വയം പിൻവാങ്ങി ധോണി സൈനിക സേവനത്തിന് പോവുകയായിരുന്നു തുടർന്ന് ബംഗ്ലാദേശ് പരമ്പരയിലേക്ക് പരിഗണിക്കേണ്ടതില്ല എന്നും സെലക്ഷൻ കമ്മറ്റിയെ അറിയിച്ചു. സ്വന്തം തട്ടകമായ റാഞ്ചിയിലായിരിക്കുമോ ധോണിയുടെ വിടവാങ്ങൽ മത്സരം എന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :