തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 1 ജനുവരി 2016 (13:06 IST)
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട രീതിയെ പരോക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2013 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിലാണ് തന്നെ ടീമില്‍ നിന്ന് തഴയാന്‍ നീക്കം നടന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. തുടര്‍ന്നുള്ള രണ്ട് ടെസ്‌റ്റുകളില്‍ നല്ല പ്രകടനം നടത്തി തിരിച്ചുവരാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒരു മുന്നറിയിപ്പും നല്‍കാതെ തന്നെ പുറത്താക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
ടീമില്‍ നിന്ന് പുറത്താക്കുന്ന കാര്യം സെലക്ടര്‍മാരോ ടീം മാനേജ്‍മെന്റോ ബിസിസിഐയോ അറിയിച്ചില്ല. ഈ രീതി തന്നെ ഏറെ വേദനിപ്പിച്ചു. പത്രമാധ്യമങ്ങളില്‍ നിന്നാണ് താന്‍ ടീമില്‍ നിന്ന് പുറത്തായ വിവരം അറിഞ്ഞത്. അവശേഷിക്കുന്ന രണ്ട് ടെസ്‌റ്റുകളില്‍ കളിക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ അതിനുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
തനിക്ക് മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ടീം മാനേജ്‍മെന്റിനോട് അഭ്യര്‍ഥിച്ചെങ്കിലും സെലക്‍ടര്‍മാരും ബിസിസിഐയും അംഗീകരിച്ചില്ല. തന്നോടുള്ള ഈ സമീപനം ഏറേ വേദനിപ്പിക്കുന്നതായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്സ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് തന്റെ സങ്കടം പങ്കുവെച്ചത്.