രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎല്ലും കളിക്കണ്ട, ഇഷാന് അന്ത്യശാസനവുമായി ബിസിസിഐ

Ishan Kishan
Ishan Kishan
അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (19:14 IST)
രഞ്ജി ട്രോഫിയില്‍ കളിക്കാതെ ഐപിഎല്ലിനായി പരിശീലനം തുടരുന്ന ഇഷാന്‍ കിഷന് അന്ത്യശാസനം നല്‍കി ബിസിസിഐ. ജംഷഡ്പൂരില്‍ രാജസ്ഥാനെതിരെ 16ന് തുടങ്ങുന്ന രഞ്ജി മത്സരത്തില്‍ ജാര്‍ഖണ്ഡിനായി മത്സരിച്ചില്ലെങ്കില്‍ ഇഷാനെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കേണ്ട എന്നാണ് ക്രിക്കറ്റ് ഭരണസമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു മാനസികമായ സമ്മര്‍ദ്ദം വലയ്ക്കുന്നതായി കാരണം കാണിച്ച് ഇഷാന്‍ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ നാട്ടിലെത്തിയ ഇഷാന്‍ സ്വകാര്യ ചടങ്ങുകളിലും പാര്‍ട്ടികളിലും സമയം ചെലവഴിച്ചത് ബിസിസിഐയെ ചൊടുപ്പിച്ചിരുന്നു. രഞ്ജി ഗ്രൂപ്പില്‍ ജാര്‍ഖണ്ഡ് തകര്‍ന്നടിയുമ്പോഴും ബറോഡയില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരങ്ങളായിരുന്ന പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം പരിശീലനത്തിലായിരുന്നു ഇഷാന്‍.

ഇത് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതോടെയാണ് ആഭ്യന്തര ലീഗില്‍ കളിക്കാത്തവര്‍ക്ക് ഐപിഎല്ലില്‍ അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയത്. ഐപിഎല്ലിന് മുകളില്‍ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കണമെന്നാണ് ഇതോടെ ബിസിസിഐ താരങ്ങള്‍ക്ക് സന്ദേശം നല്‍കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :