ബിസിസിഐ ഇനി നല്ല കുട്ടിയാകും, ഉറപ്പ്..!

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (09:56 IST)
ഒത്തുകളിയും വാതുവയ്പ്പും തുടങ്ങി തുടര്‍ച്ചയായുള്ള വിവാദങ്ങള്‍ വേട്ടയാടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‌ട്രോള്‍ ബോര്‍ഡ് നന്നാകാനുള്ള ശ്രമം തുടങ്ങി. വിവാദങ്ങളും അഴിമതിയും ഒത്തുകളിയും അവസാനിപ്പിക്കാൻ ക്രിക്കറ്റ് താരങ്ങൾക്കും അസോസിയേഷൻ ഭാരവാഹികൾക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിസിസിഐ. കൂടാതെ കളിക്കാരെ വഴിതെറ്റിക്കുന്ന ഏജന്റുമാരെ നിയന്ത്രിക്കാനും നിയമം കൊണ്ടുവരുന്നുണ്ട്.

കളിക്കളത്തിലും പുറത്തും താരങ്ങൾ പെരുമാറേണ്ടത് എങ്ങനെയെന്ന് ചട്ടത്തിൽ നിർവചിക്കും. ദേശീയ-സംസ്ഥാന ഭാരവാഹികൾക്കും ഈ ചട്ടങ്ങൾ ബാധകമായിരിക്കും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കുള്ള ശിക്ഷയും ചട്ടത്തിലുണ്ടാകും. തെറ്റുചെയ്യുന്നവരെ കർശനമായി ശിക്ഷിക്കും. നിയമക്കുരുക്കുകൾ ഒഴിവാക്കാൻ ഒരു മുതിർന്ന അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാകും ചട്ടം ഉണ്ടാക്കുക. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പൊതുചർച്ച നടത്തി വേണ്ട മാറ്റങ്ങൾ സ്വീകരിക്കും.

കളിക്കാരുടെ ഏജന്റുമാരെ നിയന്ത്രിക്കാനുള്ള നിയമം വരുന്നതോടെ വാതുവയ്പുകാരുമായി കളിക്കാർക്കുള്ള ബന്ധം അവസാനിപ്പിക്കാനാവുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. കളിക്കാരുടെ ഏജന്റുമാർക്ക് ഗ്രൗണ്ടിലും ടീം ഹോട്ടലിലും പ്രവേശിക്കുന്നതിന് നിയന്ത്രണം വരും. കളിക്കാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബിസിസിഐയെ കൃത്യമായി അറിയിക്കേണ്ടിയുംവരും. ഏജന്റുമാരുടെ പെരുമാറ്റത്തിൽ അപാകതയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം കളിക്കാർക്ക് കൂടി ഉണ്ടായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :