അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ജനുവരി 2024 (13:30 IST)
ലോകക്രിക്കറ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് ഭീഷണിയെന്ന രീതിയില്‍ ഉദിച്ചുയര്‍ന്ന താരമാണ് പാക് താരമായ ബാബര്‍ അസം. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും മികച്ച് നില്‍ക്കുന്ന താരമായിരുന്നിട്ട് കൂടി ബാബറിന്റെ കഴിഞ്ഞ വര്‍ഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തോട് കൂടി പാക് നായകസ്ഥാനം നഷ്ടമായ ബാബര്‍ അസമിന് പിന്നീട് നടന്ന മത്സരങ്ങളില്‍ ഒന്നിലും തന്നെ തിളങ്ങാനായിട്ടില്ല.
ലോകകപ്പില്‍ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ബാബര്‍ പരാജയമായിരുന്നു. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു താരം എല്ലാ ഫോര്‍മാറ്റിലെയും നായകസ്ഥാനം വേണ്ടെന്ന് വെച്ചത്. ടെസ്റ്റില്‍ ഷാന്‍ മസൂദും,ടി20യില്‍ ഷഹീന്‍ അഫ്രീദിയുമാണ് നിലവില്‍ പാകിസ്ഥാന്‍ ടീമിനെ നയിക്കുന്നത്. നായകസ്ഥാനം ഉപേക്ഷിക്കുന്നതോടെ ബാബര്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നെങ്കിലും ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ച് ഇന്നിങ്ങ്‌സികളില്‍ നിന്ന് 21,14,1,41,26 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോറുകള്‍.
അഞ്ച് ഇന്നിങ്ങ്‌സുകളില്‍ 20.6 റണ്‍സ് ശരാശരിയില്‍ 103 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച റെക്കോര്‍ഡാണ് 29കാരനായ താരത്തിനുള്ളത്. 52 ടെസ്റ്റില്‍ നിന്നും 46.13 ശരാശരിയില്‍ 3875 റണ്‍സും 117 ഏകദിനങ്ങളില്‍ നിന്ന് 19 സെഞ്ചുറിയോടെ 5729 റണ്‍സും 104 ടി20 മത്സരങ്ങളില്‍ നിന്നും 3 സെഞ്ചുറിയടക്കം 3485 റണ്‍സും ബാബറിനുണ്ട്. ഏകദിനത്തില്‍ 56.72 റണ്‍സും ടി20യില്‍ 41.49 റണ്‍സുമാണ് ബാബറിന്റെ ബാറ്റിംഗ് ശരാശരി.