കൂട്ടുക്കാരെ പിടിച്ചു ടീമിലിട്ടു, പാകിസ്ഥാനെ ലോകത്തിന് മുന്നിൽ നാണം കെടുത്തി, ബാബർ അസമിനെതിരെ അഹമ്മദ് ഷെഹ്സാദ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (19:13 IST)
ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ അമേരിക്കയ്‌ക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും പരാജയപ്പെട്ട പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ ഭാഷയില്‍ പ്രത്കരിച്ച് മുന്‍ പാകിസ്ഥാന്‍ താരമായ അഹമ്മദ് ഷെഹ്‌സാദ്. സുഹൃത്തുക്കളെ ഉള്‍പ്പെടുത്തികൊണ്ട് ടീമുണ്ടാക്കി ലോകകപ്പില്‍ കളിച്ചിട്ട് പാകിസ്ഥാന്‍ ലോകത്തിന് മുന്നില്‍ നാണം കെടുത്തുകയാണ് ബാബര്‍ അസം ചെയ്തതെന്നും ബാബര്‍ അസം നായകനായത് മുതല്‍ ഏത് ചെറിയ ടീമിനെതിരെ പോലും പാകിസ്ഥാന്‍ തോല്‍ക്കുമെന്ന അവസ്ഥയായെന്നും അഹമ്മദ് ഷെഹ്‌സാദ് കുറ്റപ്പെടുത്തി.

ഇന്ത്യക്കെതിരെ 120 എന്ന ചെറിയ ടോട്ടല്‍ ചെയ്‌സ് ചെയ്യുമ്പോള്‍ വിജയം ഉറപ്പിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്നാണ് നിങ്ങള്‍ കരുതുന്നത്. പാകിസ്ഥാന്‍ ഐപിഎല്‍ സമയത്ത് ന്യൂസിലന്‍ഡിന്റെ ബി ടീമിനോടാണ് കളിച്ചത്. എന്നിട്ടെന്തുണ്ടായി പരാജയം മാത്രമാണ് സംഭവിച്ചത്. ഇംഗ്ലണ്ടിനെതിരെയും അയര്‍ലന്‍ഡിനെതിരെയും അമേരിക്കക്കെതിരെയും നാണം കെട്ടു.


കിംഗ് എന്നാണ് ബാബറിനെ വിളിക്കുന്നത്. എന്നാല്‍ വലിയ ടൂര്‍ണമെന്റുകളിലെ അയാളുടെ റെക്കോര്‍ഡുകള്‍ നോക്കു. ആവറേജ് 27 റണ്‍സും സ്‌ട്രൈക്ക് റേറ്റ് 112 റണ്‍സുമാണ്. 1400ഓളം റണ്‍സുകള്‍ ബാബര്‍ നേടിയത് ടീം തോറ്റ കളികളിലാണ്. വേറെ ഏതെങ്കിലും രാജ്യത്ത് നിന്നുള്ള മൂന്നാം നമ്പര്‍ താരങ്ങള്‍ അതിലുണ്ടോ. ഇതുകൊണ്ടാണോ അയാളെ കിംഗ് എന്ന് വിളിക്കുന്നത്. നിങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ടീമിന് ഒരു രാജാവ് ഉണ്ടായിട്ട് കാര്യമുണ്ടോ? രാജ്യത്തെ മുഴുവന്‍ പറ്റിക്കുകയാണ് ബാബര്‍ ചെയ്തത്. അയാള്‍ അയാളുടെ സുഹൃത്തുക്കളെ കൂട്ടി ഒരു ടീം ഉണ്ടാക്കിയിരിക്കുകയാണ്, ഷെഹ്‌സാദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :