അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 ജൂണ്‍ 2024 (17:06 IST)
ടി20 ലോകകപ്പിലെ മറ്റൊരു ലോ സ്‌കോര്‍ ത്രില്ലര്‍ മത്സരമായിരുന്നു ഇന്നലെ ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നത്. ന്യൂയോര്‍ക്കിലെ അപ്രവചനീയമായ ബൗണ്‍സുള്ള പിച്ചില്‍ ബൗളിംഗ് നിരയ്ക്ക് മികച്ച പിന്തുണ ലഭിക്കുന്നതിനാല്‍ തന്നെ ബാറ്റര്‍മാര്‍ക്ക് മത്സരത്തില്‍ മികച്ച പ്രകടനം നടത്താനാകില്ല എന്നതുറപ്പായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ 23 റണ്‍സിന് 4 വിക്കറ്റെന്ന നിലയില്‍ നിന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത് ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും പ്രകടനങ്ങളായിരുന്നു. ഇപ്പോഴിതാ മത്സരശേഷം ലോകകപ്പിലെ ബാറ്റിംഗ് സമീപനത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റിച്ച് ക്ലാസന്‍.
ഈ വിക്കറ്റില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഡേവിഡ് മില്ലര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നിരുന്നു. ഒരു ഏകദിന മത്സരത്തില്‍ മധ്യ ഓവറുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമോ സമാനമായി വേണം ഈ വിക്കറ്റില്‍ കളിക്കാന്‍. അതിനാല്‍ തന്നെ മത്സരത്തില്‍ ടി20 ക്രിക്കറ്റല്ല കളിക്കുന്നത് എന്ന രീതിയിലാണ് ബാറ്റ് ചെയ്തത്. ഒരു പന്തില്‍ ഒരു റണ്‍സ് എന്നത് മാത്രമായിരുന്നു ലക്ഷ്യം. ക്ലാസന്‍ പറഞ്ഞു. മത്സരത്തില്‍ 23 റണ്‍സില്‍ 4 വിക്കറ്റ് എന്ന നിലയില്‍ നിന്ന ദക്ഷിണാഫ്രിക്കയെ 113 റണ്‍സിലെത്തിച്ചത് മില്ലറുടെയും ക്ലാസന്റെയും പ്രകടനങ്ങളായിരുന്നു. 44 പന്തില്‍ 46 റണ്‍സാണ് കളിയില്‍ ക്ലാസന്‍ സ്വന്തമാക്കിയത്. മില്ലര്‍ 38 പന്തില്‍ 29 റണ്‍സാണ് നേടിയത്.