'പിച്ച് നനച്ചിട്ടു'; മനപ്പൂര്‍വ്വം ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍, പരിശീലനത്തിനു സമയം കിട്ടിയില്ലെന്ന് ആരോപണം

ശനിയാഴ്ച ഉച്ചമുതല്‍ നാഗ്പൂര്‍ പിച്ചില്‍ പരിശീലനം നടത്താന്‍ ഓസ്‌ട്രേലിയ പദ്ധതിയിട്ടിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (09:02 IST)

നാഗ്പൂര്‍ പിച്ചില്‍ പരിശീലനം നടത്താന്‍ ഇന്ത്യ അവസരം നല്‍കിയില്ലെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിനു ശേഷം നാഗ്പൂരിലെ പിച്ചില്‍ പരിശീലനം നടത്താന്‍ ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റ് പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും ഓസ്‌ട്രേലിയയുടെ പരിശീലനം മുടക്കാന്‍ ഇന്ത്യ മനപ്പൂര്‍വം ഇടപെട്ടതാണെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച ഉച്ചമുതല്‍ നാഗ്പൂര്‍ പിച്ചില്‍ പരിശീലനം നടത്താന്‍ ഓസ്‌ട്രേലിയ പദ്ധതിയിട്ടിരുന്നു. അതിനായി ടീം സജ്ജമായി ഗ്രൗണ്ടിലേക്ക് എത്തിയതുമാണ്. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫ് പിച്ച് നനച്ചിട്ടിരിക്കുകയായിരുന്നെന്നും അതുകൊണ്ട് പരിശീലനം നടത്താതെ മടങ്ങിയെന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

' മത്സരശേഷം ഉടന്‍ വിക്കറ്റ് നനച്ചിടുന്നത് അസാധാരണ കാര്യമാണ്. ശനിയാഴ്ച മത്സരശേഷം ഉച്ചകഴിഞ്ഞ് അവിടെ പരിശീലനം നടത്താന്‍ ഗ്രൗണ്ട് വിട്ടുനല്‍കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിച്ച് നനച്ചിട്ടതിനാല്‍ അത് നടന്നില്ല,' ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :