പ്രൊഫഷണലിസം ഉള്ളവര്‍ ചിലപ്പോള്‍ ലോകകപ്പില്‍ കാല് കയറ്റിവയ്ക്കും, കിരീട വരള്‍ച്ചയുള്ള ഇന്ത്യക്ക് അതൊന്നും പറഞ്ഞിട്ടില്ല; മിച്ചല്‍ മാര്‍ഷിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ആരാധകരാണ് മാര്‍ഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (20:52 IST)

ലോകകപ്പ് നേട്ടം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ശക്തരായ ഇന്ത്യയെ ഫൈനലില്‍ ആറ് വിക്കറ്റിനു തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോകകപ്പ് സ്വന്തമാക്കിയത്. ലോകകപ്പിനൊപ്പം പോസ് ചെയ്തുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതില്‍ ഏറെ വിവാദമായ ഒന്നാണ് മിച്ചല്‍ മാര്‍ഷ് ലോകകപ്പിനു മുകളില്‍ കാലും കയറ്റിവെച്ചിരിക്കുന്ന ചിത്രം. ലോകകപ്പിനെ താരം ബഹുമാനിച്ചില്ല എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം.

ഇന്ത്യന്‍ ആരാധകരാണ് മാര്‍ഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ സംസ്‌കാരത്തെ അടക്കം പരിഹസിച്ചാണ് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം. എന്നാല്‍ മിച്ചല്‍ മാര്‍ഷിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ ആരാധകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. 'പ്രൊഫഷണലിസത്തിലൂടെ ലോകകപ്പ് നേടിയവര്‍ അവര്‍ക്ക് ഇഷ്ടമുള്ള പോലെ കപ്പിനൊപ്പം ഫോട്ടോ എടുക്കും. പ്രധാന കിരീടങ്ങളൊന്നും ഇല്ലാത്ത ടീമിന്റെ ആരാധകര്‍ അതൊക്കെ കണ്ട് വെള്ളമിറക്കും' എന്നാണ് മാര്‍ഷിനെ പിന്തുണയ്ക്കുന്നവരുടെ കമന്റ്. ലോകകപ്പില്‍ കാല്‍ കയറ്റി വെച്ചത് മഹാ അപരാധമല്ലെന്നും ഇന്ത്യന്‍ സംസ്‌കാരം എല്ലാവരും പാലിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ലെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.

എന്തായാലും മിച്ചല്‍ മാര്‍ഷിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോരടിക്കുന്നത്. നിങ്ങളുടെ അഭിപ്രായം ഈ വാര്‍ത്തയ്ക്ക് താഴെ രേഖപ്പെടുത്താം..!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :