എന്തൊക്കെ പറഞ്ഞാലും ഇതിനു ന്യായീകരണമില്ല; ഇന്ത്യയുടെ തോല്‍വിക്ക് കാരണം രാഹുലിന്റെ ഇന്നിങ്‌സും !

107 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 66 റണ്‍സ് നേടിയത്. അതായത് 41 പന്തുകള്‍ രാഹുല്‍ പാഴാക്കി

രേണുക വേണു| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (11:24 IST)

ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ വരെയുള്ള പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു കെ.എല്‍.രാഹുല്‍. ഒരേ സമയം ക്രീസില്‍ നങ്കൂരമിട്ടു കളിക്കാനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനും രാഹുലിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഫൈനലിലേക്കു വന്നപ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സ് ഇന്ത്യക്ക് തിരിച്ചടിയായി. ഫൈനല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചു കൊണ്ട് ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ രാഹുലിന് സാധിച്ചില്ല.

107 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 66 റണ്‍സ് നേടിയത്. അതായത് 41 പന്തുകള്‍ രാഹുല്‍ പാഴാക്കി. തകര്‍ച്ച മുന്നില്‍ കാണുമ്പോള്‍ ക്രീസില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഉറച്ചുനില്‍ക്കേണ്ട ഉത്തരവാദിത്തം രാഹുലിന് ഉണ്ടെന്നത് ശരി തന്നെ. അപ്പോഴും സിംഗിളുകളും ഡബിളുകളും ഓടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാന്‍ രാഹുല്‍ ശ്രമിക്കണമായിരുന്നു. അവിടെയാണ് രാഹുലിന്റെ ഇന്നിങ്‌സ് വിമര്‍ശനം അര്‍ഹിക്കുന്നത്. ഒരു ബൗണ്ടറി മാത്രമാണ് രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പലപ്പോഴും അമിതമായി പ്രതിരോധത്തിലേക്ക് രാഹുല്‍ പോയിരുന്നു. ഇത് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മെല്ലെപ്പോക്കിനു കാരണമായി.

ഓസ്ട്രേലിയയുടെ പാര്‍ട് ടൈം ബൗളര്‍മാരായ മിച്ചല്‍ മാര്‍ഷിനും ട്രാവിസ് ഹെഡിനും പോലും അര്‍ഹിക്കാത്ത ബഹുമാനം നല്‍കിയാണ് രാഹുല്‍ കളിച്ചത്. മാര്‍ഷ് രണ്ട് ഓവറില്‍ വഴങ്ങിയത് വെറും അഞ്ച് റണ്‍സ്, ഹെഡ് നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് ഓവര്‍ പൂര്‍ത്തിയാക്കി. ലോകകപ്പ് ഫൈനല്‍ പോലൊരു വേദിയില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കണക്കുകളാണ് ഇത്. രാഹുല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മിക്ക ഓവറുകളിലും രണ്ടോ മൂന്നോ റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ബൗണ്ടറികള്‍ ഇല്ലാതെ തുടര്‍ച്ചയായി 12 ഓവറുകള്‍ കടന്നുപോയി. ഫൈനല്‍ പോലൊരു ബിഗ് മാച്ചില്‍ രാഹുല്‍ ഇത്രത്തോളം ബാക്ക്ഫൂട്ടില്‍ പോയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :