രേണുക വേണു|
Last Modified തിങ്കള്‍, 20 നവംബര്‍ 2023 (12:36 IST)
ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ പോലെ പ്രൊഫഷണലിസം കാണിക്കുന്ന വേറൊരു ടീം ഉണ്ടാകില്ല. എതിര്‍ ടീമിന്റെ ആരാധകരെ നിശബ്ദരാക്കുന്നതിനോളം ആത്മസംതൃപ്തി നല്‍കുന്ന വേറൊന്നും സ്‌പോര്‍ട്‌സില്‍ ഇല്ലെന്നാണ് ഫൈനല്‍ മത്സരത്തിനു മുന്‍പ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞത്. പറയുക മാത്രമല്ല അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു ഓസീസ് ടീം. സെമി ഫൈനലില്‍ എത്തുക പോലും സംശയമാണെന്ന് പറഞ്ഞ ടീമാണ് ഇപ്പോള്‍ ലോകകപ്പില്‍ മുത്തമിട്ടിരിക്കുന്നത്.
ഈ ലോകകപ്പില്‍ വളരെ മോശം തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചത്. ആദ്യ രണ്ട് കളികളിലും തോറ്റ ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടാണ് ഓസ്‌ട്രേലിയ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തോല്‍വി വഴങ്ങിയത്. അതിനെല്ലാം നോക്ക്ഔട്ടില്‍ പലിശ സഹിതം പകരംവീട്ടി മൈറ്റ് ഓസീസ് ! സെമിയില്‍ ദക്ഷിണാഫ്രിക്കയേയും ഫൈനലില്‍ ഇന്ത്യയേയും ഓസീസ് തോല്‍പ്പിച്ചു.
ആദ്യ രണ്ട് തോല്‍വിക്ക് ശേഷം തുടര്‍ന്നുള്ള എല്ലാ കളികളും ഓസ്‌ട്രേലിയ ജയിച്ചു. പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്ത് കിടന്നവര്‍ മൂന്നാം സ്ഥാനക്കാരായാണ് പിന്നീട് സെമിയില്‍ എത്തിയത്. ഐസിസി നോക്ക്ഔട്ട് മത്സരങ്ങള്‍ വരുമ്പോള്‍ ഓസ്‌ട്രേലിയ കാണിക്കുന്ന വീറും വാശിയും വേറൊരു യൂണിവേഴ്‌സ് തന്നെയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും സമ്മതിക്കുകയാണ്.