ഇത്തവണ കളി നടക്കില്ല, ടെസ്റ്റ് പരമ്പരയിൽ ഓസീസ് തിരിച്ചടിക്കും, 3-1ന് പരമ്പര നേടുമെന്ന് പോണ്ടിംഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (18:17 IST)
ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ വിജയിക്കുമെന്ന പ്രവചനവുമായി മുന്‍ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിംഗ്. ഐസിസിയോട് സംസാരിക്കവെയാണ് പോണ്ടിംഗിന്റെ പ്രവചനം.


അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇതാദ്യമായാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി അഞ്ച് ടെസ്റ്റ് മത്സരങ്ങളിലായി നടത്തുന്നത്. കഴിഞ്ഞ 2 പരമ്പരകളില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്നും ഓസ്‌ട്രേലിയ തിരിച്ചടിക്കുമെന്ന് കരുതുന്നതായും പോണ്ടിംഗ് വ്യക്തമാക്കി.


ഓസ്‌ട്രേലിയ വിജയിക്കുമെന്ന് തന്നെ ഞാന്‍ പറയും. ചില മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കാനും സാധ്യതയുണ്ട്. കാലാവസ്ഥയും ഒരു ഘടകമായേക്കാം. എങ്കിലും ഓസീസ് 3-1ന് പരമ്പര നേടുമെന്നാണ് എന്റെ പ്രവചനം. പോണ്ടിംഗ് പറഞ്ഞു. നവംബര്‍ 22ന് പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് മത്സരം നടക്കുക. ഡിസംബര്‍ 6, ഡിസംബര്‍ 14, ഡിസംബര്‍ 26,2025 ജനുവരി 3 എന്നീ തീയ്യതികളിലാകും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :