രേണുക വേണു|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (22:49 IST)
Australia vs Pakistan ODI World Cup match: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 62 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 45.3 ഓവറില്‍ 305 ന് ഓള്‍ഔട്ടായി. ഒരു സമയത്ത് പാക്കിസ്ഥാന്‍ ജയം സ്വന്തമാക്കുമെന്ന് ഓസ്‌ട്രേലിയ അടക്കം ഭയപ്പെട്ടിരുന്നു. എന്നാല്‍ ആദം സാപയുടെ നാല് വിക്കറ്റ് പ്രകടനം ഓസ്‌ട്രേലിയയ്ക്ക് വിജയവഴി ഒരുക്കി. പത്ത് ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ് സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. പാറ്റ് കമ്മിന്‍സ്, മര്‍കസ് സ്റ്റോയ്‌നിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഇമാം ഉള്‍ ഹഖ് (71 പന്തില്‍ 70), അബ്ദുള്ള ഷഫീഖ് (61 പന്തില്‍ 64), മുഹമ്മദ് റിസ്വാന്‍ (40 പന്തില്‍ 46) സൗദ് ഷക്കീല്‍ (31 പന്തില്‍ 30), ഇഫ്തിഖര്‍ അഹമ്മദ് (20 പന്തില്‍ 26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും പാക്കിസ്ഥാനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഡേവിഡ് വാര്‍ണര്‍ (124 പന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറികളാണ് ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ രണ്ട് കളികള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്ന ഓസീസ് തുടര്‍ച്ചയായ രണ്ട് ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.