Virat Kohli Wide Controversy: തര്‍ക്കം വേണ്ട, അത് വൈഡ് അല്ല; അംപയറുടെ തീരുമാനം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍

കോലിയുടെ സെഞ്ചുറി നഷ്ടപ്പെടുത്താന്‍ നസൂം മനപ്പൂര്‍വ്വം വൈഡ് എറിഞ്ഞതാണോ എന്ന സംശയം അംപയറുടെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു

രേണുക വേണു| Last Updated: വെള്ളി, 20 ഒക്‌ടോബര്‍ 2023 (23:10 IST)

Virat Kohli Wide Controversy: ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം പൂര്‍ത്തിയായപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബൊറോ ആണ്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 42-ാം ഓവറിലെ ആദ്യ പന്ത് വൈഡ് അനുവദിക്കാത്തതാണ് അതിനു കാരണം. ബംഗ്ലാദേശ് സ്പിന്നര്‍ നസൂം അഹമ്മദ് 42-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് വെറും രണ്ട് റണ്‍സ് മാത്രം. കോലിക്ക് സെഞ്ചുറിയടിക്കാന്‍ മൂന്ന് റണ്‍സ് ആവശ്യമായിരുന്നു. ആദ്യ പന്ത് തന്നെ നസൂം ലെഗ് സ്റ്റംപിന് പുറത്ത് എറിഞ്ഞു. ക്രീസില്‍ നില്‍ക്കുന്ന കോലി അടക്കം എല്ലാവരും അത് വൈഡ് വിളിക്കുമെന്ന് ഉറപ്പിച്ചു. എന്നാല്‍ അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബൊറോ വൈഡ് അനുവദിച്ചില്ല.

കോലിയുടെ സെഞ്ചുറി നഷ്ടപ്പെടുത്താന്‍ നസൂം മനപ്പൂര്‍വ്വം വൈഡ് എറിഞ്ഞതാണോ എന്ന സംശയം അംപയറുടെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ ആകും വൈഡ് അനുവദിക്കാതിരുന്നതെന്ന് ആരാധകര്‍ പറയുന്നു. പിന്നീട് നസൂമിന്റെ മൂന്നാം പന്ത് സിക്‌സര്‍ പറത്തി കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും സെഞ്ചുറി നേടുകയും ചെയ്തു.

കോലി ലെഗ് സ്റ്റംപില്‍ ചേര്‍ന്നാണ് ഗാര്‍ഡ് എടുത്തിരുന്നതെന്നും പിന്നീട് ഓഫ് സ്റ്റംപിലേക്ക് നീങ്ങിയതുകൊണ്ടാണ് ആ ബോള്‍ വൈഡ് അനുവദിക്കാതിരുന്നതെന്നും അംപര്‍ റിച്ചാര്‍ഡിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേസമയം കോലിക്ക് വേണ്ടി അംപയര്‍ മനപ്പൂര്‍വ്വം വൈഡ് വിളിക്കാത്തതാണെന്ന് മറ്റ് ചിലര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം എന്താണ്?

2022 ല്‍ ഭേദഗതി ചെയ്യപ്പെട്ട എംസിസി ലോ ഓഫ് ക്രിക്കറ്റ് പ്രകാരം ഇത് വൈഡ് അല്ല. ബൗളര്‍ എറിയുന്ന പന്ത് നോ ബോള്‍ അല്ലാത്ത പക്ഷം പന്ത് കടന്നു പോകുന്ന സമയത്ത് ബാറ്റര്‍ എവിടെ നില്‍ക്കുന്നോ അതിനനുസരിച്ച് അംപയര്‍ക്ക് വൈഡ് വിളിക്കാം എന്നാണ് മുന്‍ നിയമത്തില്‍ (എംസിസി ലോ 22.1.1) പറയുന്നത്. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ നോര്‍മല്‍ ഗാര്‍ഡിനു ശേഷവും ബൗളര്‍ പന്തെറിയുന്നതിനു മുന്‍പ് ക്രീസില്‍ നിന്ന് പല ആംഗിളുകളിലേക്ക് മാറുന്നു. ഇതേ തുടര്‍ന്നാണ് വൈഡ് നിയമത്തില്‍ പരിഷ്‌കരണം നടപ്പിലാക്കിയത്.

മാര്‍ച്ച് 2022 ലാണ് എംസിസി ലോ ഓഫ് ക്രിക്കറ്റ് വൈഡ് നിയമത്തില്‍ പരിഷ്‌കാരം നടത്തിയത്. ബൗളര്‍ റണ്ണപ്പ് തുടങ്ങുന്ന സമയത്ത് ബാറ്റര്‍ എവിടെയാണോ ഗാര്‍ഡ് എടുത്തിരിക്കുന്നത് അതിനനുസരിച്ച് വൈഡ് വിളിക്കാനുള്ള സ്വാതന്ത്ര്യം അംപയര്‍ക്കുണ്ട്. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിനു മുന്‍പ് ബാറ്റര്‍ സാധാരണ ഗാര്‍ഡില്‍ നിന്ന് വ്യതിചലിച്ചാലും പന്തെറിയുന്നതിനു മുന്‍പുള്ള ഗാര്‍ഡ് വിലയിരുത്തി അംപയര്‍ക്ക് വൈഡ് അനുവദിക്കാനും അനുവദിക്കാതിരിക്കാനും സാധിക്കും.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കോലിയുടെ കാര്യത്തിലേക്ക് വന്നാല്‍ നസൂം പന്തെറിയുന്നതിനു മുന്‍പ് ലെഗ് സ്റ്റംപ് നന്നായി കവര്‍ ചെയ്യുന്ന രീതിയിലാണ് ഗാര്‍ഡ് എടുക്കുന്നത്. പിന്നീട് പന്ത് റിലീസ് ചെയ്യുന്നതിനു മുന്‍പ് ഓഫ് സ്റ്റംപിലേക്ക് നീങ്ങി. ഇക്കാരണത്താലാണ് അംപയര്‍ റിച്ചാര്‍ഡ് ആ പന്ത് വൈഡ് അനുവദിക്കാതിരുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :