അഭിറാം മനോഹർ|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (08:27 IST)
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ യുഎഇയെ വെറും 4.3 ഓവറില്‍ തോല്‍പ്പിച്ച് ഇന്ത്യ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്യാനിറങ്ങിയ യുഎഇ വെറും 57 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ
ഇന്ത്യ 4.3 ഓവറില്‍ 60 റണ്‍സ് നേടി. 2.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്തില്‍ സിക്‌സറോടെയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ തുടങ്ങിയത്. 16 പന്തില്‍ 30 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 3 സിക്‌സറും 2 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്ങ്‌സ്. ശുഭ്മാന്‍ ഗില്‍ 9 പന്തില്‍ നിന്നും 20 റണ്‍സും സൂര്യകുമാര്‍ യാദവ് 2 പന്തില്‍ നിന്ന് 7 റണ്‍സുമായും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇയുടെ ഇന്നിങ്ങ്‌സ് 13.1 ഓവറില്‍ അവസാനിച്ചിരുന്നു. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കററ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.