അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (19:20 IST)
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറി പ്രകടനത്തോടെ ക്രിക്കറ്റിലെ പല നാഴികകല്ലുകളും പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിൻ താരം ആർ അശ്വിൻ. 148 പന്തിൽ 106 റൺസാണ് താരം ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചതും അശ്വിന്റെ പ്രകടനമായിരുന്നു.
അതേസമയം നാട്ടില്‍ കൂടുതല്‍ തവണ ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ച താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍
അശ്വിൻ രണ്ടാം സ്ഥാനത്തായി. ഇത് മൂന്നാം തവണയാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സ്, പാകിസ്താന്റെ മുഷ്താഖ് അഹമ്മദ്, ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ്, ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ എന്നിവരെയാണ് അശ്വിൻ മറികടന്നത്.
അഞ്ചു തവണ നാട്ടിൽ ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓൾറൗണ്ടർ ഇയാൻ ബോത്തം മാത്രമാണ് അശ്വിന് മുന്നിലുള്ളത്. അതേസമയം എട്ടാമതായിറങ്ങി കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിലും അശ്വിൻ രണ്ടാമതായി ഇടം നേടി. എട്ടാമതായിറങ്ങി 3 സെഞ്ചുറികളാണ് അശ്വിൻ നേടിയിട്ടുള്ളത്. നാലു സെഞ്ച്വറികളുമായി ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ഇതിഹാസ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറിയാണ് ഇനി അശ്വിനു മുന്നിലുള്ളത്.