കാര്‍ഡിഫ്|
Last Modified വെള്ളി, 10 ജൂലൈ 2015 (10:44 IST)
ആഷസ് ടെസ്‌റ്റിന്റെ രണ്‌ടാംദിനം ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ പതറുന്നു. രണ്‌ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ അഞ്ചിന് 264 എന്ന നിലയിലാണ്.
ഷെയ്‌ന്‍ വാട്‌സനും(29) നഥാന്‍ ലയേണ്‍ (ആറ്) എന്നിവരാണ് ക്രീസില്‍. ഏഴിനു 343 എന്നനിലയില്‍ രണ്‌ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്‌ടിനെ
മോയീന്‍ അലിയുടെ പ്രകടനമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
വാലറ്റക്കാരെ കൂട്ടുപിടിച്ച് മൊയിന്‍ അലി സ്‌കോര്‍ 400 കടത്തി. 88 പന്തില്‍ 11 ബൌണ്‌ടറിയും ഒരു കൂറ്റന്‍ സിക്‌സു നേടിയാണ് അലി 77 റണ്‍സെടുത്തത്. ഓസിസിനുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസിന് സ്‌കോര്‍ 43 ല്‍ നില്‍ക്കേ ഡേവിഡ് വാര്‍ണറെ ജയിംസ് ആന്‍ഡേഴ്സണ്‍ (17) വീഴ്‌ത്തി . പിന്നീട് ക്രിസ് റോജേഴ്സും സ്‌റ്റീവ് സ്‌മിത്തും (33) ചേര്‍ന്ന് സന്ദര്‍ശകരെ മുന്നോട്ടുനയിച്ചു. ചായയ്ക്കു മുമ്പ് സ്‌മിത്ത് അലിയുടെ മുന്നില്‍വീണു. അവസാന സെഷനില്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് (38), ആഡം വോഗസ് (31) എന്നിവര്‍ക്കൊപ്പം സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന റോജേഴ്സും വീണതോടെ ഇംഗ്ലണ്‌ടിനു നേരിയ മുന്‍തൂക്കം ലഭിച്ചു.133 പന്തില്‍ 95 റണ്‍സെടുത്ത റോജേഴ്സിനെ മാര്‍ക്ക് വുഡ് വിക്കറ്റിനു പിന്നില്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിക്കുകയായിരുന്നു.