അഭിറാം മനോഹർ|
Last Modified ഞായര്‍, 29 ജനുവരി 2023 (11:24 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ദയനീയമായി പരാജയപ്പെട്ടതോടെ ഇന്ത്യൻ പേസർ അർഷദീപിന് നാണക്കേടിൻ്റെ പുതിയ റെക്കോർഡ്. രാജ്യാന്തര
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ നോ ബോളുകൾ എറിഞ്ഞ താരമെന്ന നാണക്കേടാണ് അർഷദീപ് സ്വന്തമാക്കിയത്. വെറും 24 മത്സരങ്ങളിൽ നിന്നാണ് 15 നോ ബോളുകൾ താരം എറിഞ്ഞത്.
ഈ മാസം ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ താരം ഹാട്രിക് നോബോൾ വഴങ്ങിയിരുന്നു.
ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടി20യുടെ അവസാന ഓവറിലും താരം നോബോൾ വഴങ്ങി. 11 നോബോളുകൾ എറിഞ്ഞ ഹസൻ അലിയാണ് നാണക്കേടിൻ്റെ ഈ റെക്കോർഡിൽ അർഷദീപിന് പിന്നിലുള്ളത്. ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിലെ അവസാന ഓവറിൽ ഹാട്രിക് സിക്സടക്കം 27 റൺസാണ് അർഷദീപ് വിട്ടുകൊടുത്തത്. ഇതോടെ 19 ഓവറിൽ 149 റൺസായിരുന്ന ന്യൂസിലൻഡ് ഓവർ കഴിഞ്ഞപ്പോൾ 176 റൺസിലെത്തി. മത്സരത്തിൽ 21 റൺസിനായിരുന്നു കിവികളോട് ഇന്ത്യ പരാജയപ്പെട്ടത്.