പുറത്താക്കാൻ വിഷമമുള്ള ബാറ്റ്സ്മാൻ സച്ചിനോ ലാറയോ ആയിരുന്നില്ലെന്ന് പാകിസ്ഥാൻ ബൗളിങ് ഇതിഹാസം വസീം അക്രം

അഭിറാം മനോഹർ| Last Updated: ബുധന്‍, 4 ഡിസം‌ബര്‍ 2019 (15:23 IST)
ക്രിക്കറ്റ് ലോകത്തെ റിവേഴ്സ് സ്വിങുകളുടെ സുൽത്താനാണ് പാകിസ്ഥാൻ ഇതിഹാസ താരമായ വസീം അക്രം. ഒരു കാലഘട്ടത്തിൽ ബാറ്റ്സ്മാന്മാരെ
പേടിപ്പെടുത്തിയിരുന്ന അക്രമിന് പന്തിനേ അകത്തേക്കും പുറത്തേക്കും
ഒരുപോലെ സ്വിങ് ചെയ്യുവാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മാരകമായ ആയുധം എപ്പോഴും റിവേഴ്സ് സ്വിങുകൾ ആയിരുന്നു. 1992 ലെ ലോകക്കപ്പിൽ ഇംമ്രാൻ ഖാന്റെ നെത്രുത്വത്തിൽ പാകിസ്ഥാൻ കിരീടം ഉയർത്തുമ്പോൾ ഏറ്റവും നിർണായകമായതും അക്രമിന്റെ മൂർച്ചയേറിയ റിവേഴ്സ് സ്വിങുകളായിരുന്നു.

രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ തന്റെ ക്രിക്കറ്റ് കരിയറിൽ ആദ്യമായി 500 ഏകദിന വിക്കറ്റുകൾ സ്വന്തമാക്കിയ താരം എന്നിവയുൾപ്പെടെ എണ്ണിയാലൊതുങ്ങാത്ത നേട്ടങ്ങൾ അക്രം സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കുമ്പോൾ 916 വിക്കറ്റുകളാണ് പാക് നായകൻ തന്റെ പേരിൽ എഴുതിചേർത്തത്.

ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിനും ലാറയും കളിച്ചിരുന്ന കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന ബൗളറാണെങ്കിലും കരിയറിൽ ഏറ്റവും
വെല്ലുവിളി ഉയർത്തിയത് ഇവർ രണ്ടുപേരുമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാക് നായകൻ ഇപ്പോൾ. മുൻ ന്യൂസിലൻഡ് നായകനായ മാർട്ടിൻ ക്രോവാണ് അക്രമിനെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ. മാർട്ടിൻ ക്രോയ്ക്കെതിരെ പന്തെറിയുക വളരെ പ്രയാസകരമായിരുന്നുവെന്ന് ഫോക്സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് അക്രം വെളിപ്പെടുത്തിയത്.

വിക്കറ്റ് പ്രതിരോധിക്കുന്നതിൽ മാത്രമല്ല അനായാസമായി റൺസ് കണ്ടെത്തുന്നതിനും ക്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എപ്പോഴും ഫ്രണ്ട് ഫൂട്ടിലാണ് ക്രോ കളിക്കാറുള്ളത്. ഇക്കാരണത്താൽ ഷോർട്ട് ലെങ്ത് പന്തുകളാണ് താൻ ക്രോയ്ക്കെതിരെ എറിഞിരുന്നതെന്നും അക്രം പറയുന്നു.

ചരിത്രത്തിൽ ആകെ നാല് തവണ മാത്രമാണ് വസീം അക്രമിന് ക്രോയെ പുറത്താക്കാൻ കഴിഞ്ഞിട്ടുള്ളു. ന്യൂസിലൻഡിന് വേണ്ടി 77 ടെസ്റ്റുകളും 143 ഏകദിനങ്ങളും മാർട്ടിൻ ക്രോ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 45.36 ശരാശരിയിൽ 5444 റൺസാണ് ക്രോയുടെ സമ്പാദ്യം. ടെസ്റ്റിൽ 38.55 ശരാശരിയിൽ 4704 റൺസും നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :