അഞ്ചാം ടെസ്റ്റില്‍ രഹാനെ കളിച്ചേക്കില്ല; സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റം

രേണുക വേണു| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (14:14 IST)

ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ അജിങ്ക്യ രഹാനെയ്ക്ക് താല്‍ക്കാലിക വിശ്രമം അനുവദിക്കാന്‍ സാധ്യത. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് രഹാനെയ്ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായി ചെറിയ സ്‌കോറുകളില്‍ രഹാനെ പുറത്താകുന്നത് ടീമിനെ പ്രതിരോധത്തിലാക്കുന്നു. രഹാനെയ്ക്ക് ഫോം വീണ്ടെടുക്കാന്‍ ചെറിയൊരു ഇടവേള നല്‍കുകയാണ് വേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും വി.വി.എസ്.ലക്ഷ്മണും ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്നായി ഏഴ് ഇന്നിങ്സുകളില്‍ 109 റണ്‍സ് മാത്രമാണ് രഹാനെ നേടിയിരിക്കുന്നത്. ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 61 റണ്‍സ് നേടിയ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ഇന്നിങ്സില്‍ പോലും രഹാനെ 20 റണ്‍സ് കടന്നിട്ടില്ല. 5, 1, 18, 10, 14, 0 എന്നിങ്ങനെയാണ് രഹാനെയുടെ മറ്റ് വ്യക്തിഗത സ്‌കോറുകള്‍. നാലാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ശേഷം രഹാനെയെ ഇറക്കി നായകന്‍ കോലി ഒരു സൂചന നല്‍കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അഞ്ചാം ടെസ്റ്റില്‍ രഹാനെ കളിക്കില്ല.

രഹാനെയെ ഒഴിവാക്കി രോഹിത് ശര്‍മയെ ടെസ്റ്റ് ടീം ഉപനായകന്‍ ആക്കിയേക്കും. ഏകദിനത്തിലും ടി 20 യിലും രോഹിത്താണ് ഉപനായകന്‍. ചെറിയൊരു ഇടവേള രഹാനെയ്ക്ക് കൊടുക്കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.

അഞ്ചാം ടെസ്റ്റില്‍ രഹാനെ പുറത്തിരിക്കേണ്ടിവന്നാല്‍ സൂര്യകുമാര്‍ യാദവ് ടെസ്റ്റ് അരങ്ങേറ്റം നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :