അഭിറാം മനോഹർ|
Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (16:23 IST)
പിഎസ്ജിയിലെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് മെസ്സിക്ക് ചാമ്പ്യൻസ് ലീഗിൽ നിന്നും കടുത്ത തിരിച്ചടിയുണ്ടാകുന്നത്. ബാഴ്സലോണയിലായിരിക്കെ ഒരിക്കൽ പോലും തുടർച്ചയായ 2 സീസണുകളിൽ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനൽ കാണാതെ മെസ്സി പുറത്തായിട്ടില്ല. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിനെതിരെ തോൽവി വഴങ്ങിയതോടെ 2 പാദങ്ങളിലുമായി എതിരില്ലാതെ 3 ഗോളുകൾ വഴങ്ങി പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു.
ഇതിന് പിന്നാലെ ബയേൺ മ്യൂണിച്ച് താരമായ തോമസ് മുള്ളർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ക്ലബ് തലത്തിൽ മെസ്സിക്കെതിരെയാകുമ്പോൾ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകാറുണ്ടെന്നും ക്ലബ് തലത്തിൽ റയൽ മാഡ്രിഡിലായിരിക്കെ റൊണാൾഡോ മാത്രമാണ് തങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളതെന്നും മുള്ളർ പറഞ്ഞു. അതേസമയം ലോകകപ്പിൽ മെസ്സി നടത്തിയ പ്രകടനത്തെ താൻ ബഹുമാനിക്കുന്നതായും മുള്ളർ വ്യക്തമാക്കി.
പിഎസ്ജിയിൽ മെസ്സിക്ക് മികച്ച പ്രകടനം നടത്താനാവാത്തതിനെ പറ്റിയും തോമസ് മുള്ളർ പ്രതികരിച്ചു. അർജൻ്റീനയിൽ ഒറ്റക്കെട്ടായുള്ള ഒരു ടീമിനെ നയിക്കുകയാണ് മെസ്സി ചെയ്തത്. ഒട്ടും സന്തുലിതമല്ലാത്ത പിഎസ്ജിയിൽ അത് സാധ്യമല്ലെന്നും മുള്ളർ പറഞ്ഞു.