എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് വെച്ചാൽ കളി അഫ്ഗാൻ കൊണ്ടുപോകും, ബംഗ്ലാദേശിനും ഓസീസിനും ഷിബുദിനം

Afghan team, Worldcup
അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (12:16 IST)
Afghan team, Worldcup
അത്യന്തം ആവേശകരമായ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊടുവില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലിലേക്ക്. മൂന്ന് ടീമുകള്‍ക്ക് സെമിസാധ്യതകള്‍ ഉണ്ടായിരുന്ന മത്സരമെന്ന രീതിയില്‍ തുടങ്ങിയ അഫ്ഗാന്‍- ബംഗ്ലാദേശ് പോരാട്ടത്തില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ നിറം മങ്ങിയപ്പോള്‍ വെറും 115 റണ്‍സ് മാത്രമാണ് നിശ്ചിത 20 ഓവറില്‍ എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ചെറിയ സ്‌കോര്‍ മാത്രമെ ചെയ്‌സ് ചെയ്യേണ്ടതുള്ളു എന്നതിനാല്‍ തന്നെ 12.1 ഓവറില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ബംഗ്ലാദേശിനും സെമിഫൈനലില്‍ കയറാമായിരുന്നു.


ഈ സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ അഫ്ഗാന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ചുകൊണ്ട് തന്നെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. എന്നാല്‍ 23 റണ്‍സിന് 3 വിക്കറ്റുകള്‍ വീഴ്ന്നതോട് കൂടി ബംഗ്ലാദേശ് സ്‌കോറിംഗ് വേഗത കുറഞ്ഞു. ഇതിനിടയില്‍ പലപ്പോഴും രസകൊല്ലിയായി മഴയെത്തിയെങ്കിലും റണ്‍റേറ്റ് ഉള്ളതിനാല്‍ തന്നെ ബംഗ്ലാദേശ് വിജയിക്കാന്‍ സാധ്യത അധികമായിരുന്നു. 8.2 ഓവറില്‍ 64 റണ്‍സിന് അഞ്ച് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് വിക്കറ്റുകള്‍ നഷ്ടമാകാതെ സ്‌കോറിംഗ് ഉയര്‍ത്താനാണ് ശ്രമിച്ചത്. ഇതോടെ മത്സരം ബംഗ്ലാദേശ് വിജയിച്ചാലും ബംഗ്ലാദേശിന് സെമിയില്‍ കയറാനാകില്ലെന്ന സ്ഥിതിയിലെത്തി.

കളിയില്‍ ബംഗ്ലാദേശ് പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ച നിലയില്‍ മാറ്റം വരുത്തിയത് റാഷിദ് ഖാന്‍ എറിഞ്ഞ പതിനൊന്നാം ഓവറായിരുന്നു. ഓവറിലെ അഞ്ചാം പന്തില്‍ മഹ്മദുള്ളയേയും തൊട്ടടുത്ത പന്തില്‍ റിഷാദ് ഹുസൈനെയും റാഷിദ് പുറത്താക്കിയതോടെ ബംഗ്ലാദേശ് സ്‌കോര്‍ 80ന് 5 എന്ന നിലയില്‍ നിന്നും 80 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലേക്ക് എത്തി.

കളിയുടെ തുടക്കം മുതല്‍ ക്രീസിലുണ്ടായിരുന്ന ലിറ്റണ്‍ ദാസ് വാലറ്റക്കാരെ സംരക്ഷിക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക കൂടി ചെയ്യാന്‍ തുടങ്ങിയതോടെ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ സാധ്യതകള്‍ തുറന്നു. ഇത് കൃത്യമായി ഉപയോഗിച്ചുകൊണ്ട് ഗുല്‍ബദിന്‍ നയ്യീബ് ടന്‍സിം സക്കീബിനെ മടക്കി. പതിനെട്ടാം ഓവറില്‍ നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ ഓവറില്‍ വാലറ്റക്കാരനായ ടസ്‌കിന്‍ അഹ്മദിനെ നവീന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതേ ഓവറില്‍ തന്നെ പതിനൊന്നാമനായ മുസ്തഫിസുറിനെയും പുറത്താക്കാന്‍ സാധിച്ചതോടെ കൈയ്യിലിരുന്ന വിജയമാണ് ബംഗ്ലാദേശ് കൈവിട്ടത്. മത്സരത്തില്‍ ബംഗ്ലാദേശ് തോറ്റതോടെ ഓസ്‌ട്രേലിയയും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :