Breaking News: ആവേശപ്പോരില്‍ അഫ്ഘാനിസ്ഥാന് ജയം; ഓസ്‌ട്രേലിയ സെമി കാണാതെ പുറത്ത്

ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്

Afghanistan, Bangladesh, India, Australia
രേണുക വേണു| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (10:47 IST)
Afghanistan into Semis

Breaking News: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. സൂപ്പര്‍ എട്ടിലെ നിര്‍ണായ മത്സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഘാനിസ്ഥാന്‍ പരാജയപ്പെടുത്തിയതാണ് ഓസ്‌ട്രേലിയയുടെ വഴികള്‍ അടച്ചത്. ഓരോ നിമിഷവും ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ എട്ട് റണ്‍സിനാണ് അഫ്ഘാന്റെ ജയം. ഇന്ത്യക്കൊപ്പം ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയില്‍ കയറുന്ന ടീമാകാനും അഫ്ഘാനിസ്ഥാനു സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഒന്നിലേറെ തവണ മഴ വില്ലനായി എത്തിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 ഓവറില്‍ 114 ആയി പുനര്‍നിശ്ചയിക്കപ്പെട്ടു. എന്നാല്‍ 17.5 ഓവറില്‍ 108 ന് ബംഗ്ലാദേശ് ഓള്‍ഔട്ടായി.

ഓപ്പണര്‍ ലിറ്റണ്‍ ദാസ് 49 പന്തില്‍ 54 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ബംഗ്ലാദേശ് നിരയില്‍ മറ്റാരും തിളങ്ങിയില്ല. 3.5 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഘാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ് ആണ് കളിയിലെ താരം. നായകന്‍ റാഷിദ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. 55 പന്തില്‍ 43 റണ്‍സ് നേടിയ റഹ്‌മനുള്ള ഗുര്‍ബാസാണ് അഫ്ഘാന്‍ നിരയിലെ ടോപ് സ്‌കോറര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :