ടൂർണമെൻ്റിലെ മൂന്നാമത്തെ അതിവേഗ സെഞ്ചുറി, മിന്നും ഫോം തുടർന്ന് ചേതേശ്വർ പുജാര: കോലിയേയും ബാബറിനെയും മറികടന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (14:12 IST)
ഇംഗ്ലീഷ് ഡൊമസ്റ്റിക് സീസണിലെ മിന്നും ഫോം തുടർന്ന് ചേതേശ്വർ പുജാര. സീസണിലെ തൻ്റെ മൂന്നാമത്തെ ലിസ്റ്റ് എ സെഞ്ചുറിയാണ് സസെക്സിന് വേണ്ടി നേടിയത്. മിഡിൽസെക്സിനെതിരെ റോയൽ ലണ്ടൺ ഡേ കപ്പിൽ നടന്ന മത്സരത്തിൽ 90 പന്തിൽ 132 റൺസാണ് പുജാര അടിച്ചെടുത്തത്. 75 പന്തിൽ പുജാര സെഞ്ചുറി പിന്നിട്ടു. 20 ഫോറുകളും 2 സിക്സുമാണ് പുജാര മത്സരത്തിൽ നേടിയത്.

ഇതോടെ ടൂർണമെൻ്റിൽ 8 കളികളിൽ നിന്ന് 102.33 ശരാശരിയിൽ 614 റൺസ് പുജാര സ്വന്തമാക്കി. ടൂർണമെൻ്റിലെ പുജാരയുടെ മൂന്നാമത്തെ സെഞ്ചുറി പ്രകടനമാണിത്. സീസണിൽ 500 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് പുജാര. നേരത്തെ കൗണ്ടി ചാമ്പ്യൻഷിപ്പിലും പുജാര സസെക്സിനായി തിളങ്ങിയിരുന്നു. 13 ഇന്നിങ്ങ്സുകളിൽ നിന്ന് 3 അർധസെഞ്ചുറിയും 5 സെഞ്ചുറിയുമടക്കം 109 ശരാശരിയിൽ 1094 റൺസാണ് കൗണ്ടിയിൽ പുജാര നേടിയത്.

ലിസ്റ്റ് എയിൽ 57.49 ആണ് പുജാരയുടെ ബാറ്റിങ് ശരാശരി. കോലി ബാബർ ആസം എന്നിവരുടെ ബാറ്റിങ് ശരാശരിയേക്കാൾ മുകളിലാണിത്. 58.84 ബാറ്റിങ് ശരാശരിയുമായി സാം ഹെയ്നും 57.86 ബാറ്റിങ് ശരാശരിയുമായി മൈക്കൽ ബെവനും മാത്രമാണ് പുജാരയ്ക്ക് മുന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :