അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (20:19 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്ന ഇൻഡോറിലേയ്ക്കാണ് ക്രിക്കറ്റ് ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും ഇപ്പോൾ.
പേസിനെ തുണയ്ക്കുന്ന ചുവന്ന പിച്ചിൽ മൂന്നാം മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്. പേസും ബൗൺസും ഉറപ്പുള്ള പിച്ചിൽ ഇന്ത്യ മൂന്നാം പേസറെ കൂടി ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മൂന്നാം പേസറെ ഉൾപ്പെടുത്തുമെങ്കിൽ അക്ഷർ പട്ടേലാകും ടീമിൽ നിന്നും പുറത്താകുക.
പേസിനെ തുണയ്ക്കുന്ന പിച്ചിൽ ഷമിക്കും സിറാജിനുമൊപ്പം ജയ്ദേവ് ഉനാദ്കട്ട്, ഉമേഷ് യാദവ് എന്നിവരിലാർക്കെങ്കിലും അവസരം ലഭിക്കും. ടീമിലെ ഓൾറൗണ്ടർമാരായ ജഡേജ,അശ്വിൻ,അക്ഷർ എന്നിവരെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പരിചയസമ്പന്നരായ ജഡേജയേയും അശ്വിനെയും ഇന്ത്യ ഒഴിവാക്കിയേക്കില്ല.
പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് അക്ഷർ പട്ടേൽ. 2 ഇന്നിങ്ങ്സിൽ നിന്നായി 79 ബാറ്റിംഗ് ശരാശരിയിൽ 158 റൺസാണ് താരം സ്വന്തമാക്കിയത്. ബോളുകൊണ്ട് തിളങ്ങാനായില്ലെങ്കിലും അക്ഷർ നാഗ്പൂരിൽ നേടിയ 84 റൺസും ദില്ലിയിലെ രണ്ടാം ടെസ്റ്റിൽ നേടിയ 74 റൺസും ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.