അഭിറാം മനോഹർ|
Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (19:35 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാളിനെ കാത്ത് 3 ലോക റെക്കോര്‍ഡുകള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ 12 സിക്‌സുകളുടെ അകമ്പടിയില്‍ 214 റണ്‍സായിരുന്നു താരം നേടിയത്. ടെസ്റ്റിലെ ഒരു ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന നേട്ടം ഇതോടെ ജയ്‌സ്വാളിന്റെ പേരിലായിരുന്നു. കൂടാതെ പരമ്പരയില്‍ 22 സിക്‌സുകള്‍ സ്വന്തമാക്കി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടവും യുവതാരം തന്റെ പേരിലാക്കിയിരുന്നു.
നാലാം ടെസ്റ്റിന് ജയ്‌സ്വാള്‍ ഇറങ്ങുമ്പോഴും ഒരു പിടി റെക്കോര്‍ഡ് നേട്ടങ്ങള്‍ താരത്തെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 7 ടെസ്റ്റുകളിലെ 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 861 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. റാഞ്ചി ടെസ്റ്റില്‍ 139 റണ്‍സ് നേടാന്‍ സാധിക്കുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സും ടെസ്റ്റ് കരിയറില്‍ ഏറ്റവും വേഗം 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും ജയ്‌സ്വാളിന് സാധിക്കും. 7 ടെസ്റ്റുകളില്‍ നിന്നും 1000 റണ്‍സ് സ്വന്തമാക്കിയ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാകും ഇതോടെ ജയ്‌സ്വാളിന് മുന്നിലുണ്ടാവുക.
ഇനി റാഞ്ചിയില്‍ ഇരട്ടസെഞ്ചുറി സ്വന്തമാക്കാന്‍ സാധിക്കുകയാണെങ്കില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായി 3 ഇരട്ടസെഞ്ചുറികളെന്ന നേട്ടവും ജയ്‌സ്വാളിന്റെ പേരിലാകും. നിലവില്‍ ഒരു താരവും തുടര്‍ച്ചയായി 3 ഇരട്ടസെഞ്ചുറികള്‍ ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടില്ല. ഇരട്ടസെഞ്ചുറി സ്വന്തമാക്കാനായാല്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 3 ഇരട്ടസെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ജയ്‌സ്വാളിന്റെ പേരിലാകും. 1930ല്‍ ആഷസ് പരമ്പരയില്‍ ഡോണ്‍ ബ്രാഡ്മാന്‍ നേടിയ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇതോടെ ജയ്‌സ്വാളിനാകും.