ലോകകപ്പിലെ ഡേഞ്ചറസ് താരങ്ങളെ പരിചയപ്പെടുക

 ലോകകപ്പ് ക്രിക്കറ്റ് , ഇന്ത്യ , ധോണി
jibin| Last Updated: ബുധന്‍, 18 മാര്‍ച്ച് 2015 (18:59 IST)
ചിലപ്പോള്‍ ബോളര്‍മാരും മറ്റു ചിലപ്പോള്‍ ബാറ്റ്‌സ്‌മാന്മാരും സംഹാരതാണ്ഡവമാടുന്ന കാഴ്‌ചയാണ് ഈ ലോകകപ്പിലും കണ്ടത്. ബോളര്‍മാരെക്കാള്‍ മികവ് പുലര്‍ത്തിയ ബാറ്റ്സ്‌മാന്‍രാണ് ഇത്തവണ ആരാധകര്‍ക്ക് വിരുന്ന് ഒരുക്കിയത്. ആദ്യ ക്വേര്‍ട്ടര്‍ മത്സരത്തില്‍ ശ്രീലങ്ക തോറ്റ് മടങ്ങിയതോടെ മികച്ച പ്രകടനങ്ങള്‍ നടത്തിവന്ന കുമാര്‍ സംഗകാരയും തിലകരത്നെ ദില്‍ഷനും ഇനി ചിത്രത്തിലില്ല. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോളും ക്രിക്കറ്റിലെ വമ്പന്മാര്‍ ഉണ്ട്.

എബി ഡിവില്ലിയേഴ്‌സ്:-






ഫോമിലെത്തിയാല്‍ ആര്‍ക്കും പിടിച്ചുനിര്‍ത്താനാകാത്ത എബി ഡിവില്ലിയേഴ്‌സാണ് ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. ഏറ്റവും അപകടകാരി, വമ്പന്‍ ടോട്ടലുകള്‍ നേടുന്നതിലും പിന്തുടരുന്നതിലും മിടുക്കന്‍ എന്ന വിശേഷണങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാണ്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ അതിവേഗ 150 റണ്‍സ് റെക്കോര്‍ഡ് സ്വന്തമാക്കിയ എ ബി ആറ് മല്‍സരങ്ങളില്‍നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയുമടക്കം 417 റണ്‍സ് നേടി. 144.29 ആണ് ദക്ഷിണാഫ്രിക്കന്‍ നായകന്റെ സ്ട്രൈക്ക് റേറ്റ്.

കടുവകളുടെ സ്വന്തം മഹ്‌മുദുള്ള:-






ലോകകപ്പില്‍ ബംഗ്ലാദേശിന്റെ കുതിപ്പിന് സഹായകമായത് മഹ്‌മുദുള്ളയുടെ പ്രകടനമാണ്. ആറ് കളികളില്‍ നിന്ന് 344 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ വിജയ തീരത്ത് എത്തുക്കുന്നതിനും വമ്പന്‍ ടോട്ടലുകള്‍ കണ്ടെത്തുന്നതിനും സഹായകമായി.

മഹേന്ദ്ര സിംഗ് ധോണി:-














നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി 166 റണ്‍സ് സ്വന്തമാക്കിയ ധോണി സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ രക്ഷിക്കാന്‍ കഴിവുള്ള താരമാണ്. ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയാണെന്നും ഇതിനകം തന്നെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ഗ്ലെന്‍ മാക്സ്‌വെല്‍:-
















ഓസ്‌ട്രേലിയന്‍ മധ്യനിരയിലെ ഏറ്റവും അപകടകാരിയായ താരം ആരാണെന്ന ചോദ്യത്തിന് മുന്നില്‍ ഒരു ഉത്തരം മാത്രെ ഉള്ളു അതാണ് ഗ്ലെന്‍ മാക്സ്‌വെല്‍. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതിലെ അസാധ്യ മികവാണ് അദ്ദേഹത്തെ കരുത്തനാക്കുന്നത്. വളരെ വേഗത്തില്‍ സ്‌കേര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ കഴിവുള്ള ഈ ഓസീസ് താരം ലോകകപ്പില്‍ അഞ്ച് മല്‍സരങ്ങളില്‍നിന്ന് 257 റണ്‍സ് ഇതിനകം സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ച്വറിയും അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ അര്‍ദ്ധസെഞ്ച്വറിയും അതില്‍ ഉള്‍പ്പെടും.

ക്രിസ് ഗെയ്‌ല്‍:-




ലോകക്രിക്കറ്റില്‍ ഡിവില്ലിയേഴ്‌സിന് പകരം വെക്കാന്‍ സാധിക്കുന്ന ഏക താരമാണ് ക്രിസ് ഗെയില്‍. ലോകകപ്പില്‍ സിംബാബ്‌വെയ്ക്കെതിരെ നേടിയ ആദ്യ ഇരട്ടസെഞ്ച്വറിയടക്കം അഞ്ച് മല്‍സരങ്ങളില്‍നിന്ന് 279 റണ്‍സാണ് അദ്ദേഹം നേടിയത്. ഡിവില്ലിയേഴ്‌സിനെ പോലെ വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതിനും കൂറ്റന്‍ സ്‌കേര്‍ നേടുന്നതിനും മിടുക്കനാണ് ഈ വിന്‍ഡീസ് താരം.

ബ്രണ്ടന്‍ മക്കല്ലം:-







എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കഴിവുള്ള താരമാണ് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടം മക്കല്ലം. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന കിവികള്‍ക്കായി ആറ് മല്‍സരങ്ങളില്‍നിന്ന് 267 റണ്‍സാണ് അദ്ദേഹം നേടിയത്. വളരെ വേഗത്തില്‍ ബോളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തി സ്‌കേര്‍ നേടുന്നതില്‍ മിടുക്കനാണ് ന്യൂസിലന്‍ഡ് നായകന്‍.

വിരാട് കൊഹ്‌ലി:-





സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ശേഷം ടീം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന താരമാണ് വിരാട് കൊഹ്‌ലി. നിര്‍ണായക മല്‍സരങ്ങളില്‍ ഫോമിലേക്ക് ഉയരുന്നതിനും ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനും കഴിവുള്ള താരമാണ് കോഹ്‌ലി. ഈ ലോകകപ്പില്‍ ഇതുവരെ ആറ് മല്‍സരങ്ങളില്‍നിന്ന് 75.25 ശരാശരിയില്‍ 301 റണ്‍സ് കൊഹ്‌ലി നേടിയിട്ടുണ്ട്.

ഡേവിഡ് വാര്‍ണര്‍:-




ആഡം ഗില്‍ക്രിസ്‌റ്റിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിംഗില്‍ ഇത്രയും അപകടകരമായ ബാറ്റ്‌സ്‌മാന്‍ ഉണ്ടായിട്ടില്ല. ബോളര്‍മാരെ തച്ചുടയ്ക്കുന്ന പ്രകടനമാണ് ഡേവിഡ് വാര്‍ണറുടേത്. അഫ്ഗാനിസ്ഥാനെതിരെ നേടിയ 178 റണ്‍സ് അടക്കം അഞ്ച് മല്‍സരങ്ങളില്‍നിന്ന് 267 റണ്‍സ് നേടിയ വാര്‍ണര്‍ മഞ്ഞപ്പടയുടെ തുറുപ്പുചീട്ടാണ്.

ഡേവിഡ് മില്ലര്‍:-




ഫോമിലെത്തിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നതാണ് ഡേവിഡ് മില്ലറുടെ പ്രത്യേകത. മധ്യനിരയില്‍ ദക്ഷിണാഫ്രിക്ക ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന താരമാണ് ഇദ്ദേഹം. ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ നേടിയ സെഞ്ചുറിയടക്കം ആറ് കളികളില്‍ 275 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്.

ശിഖര്‍ ധവാന്‍:-





നിലയുറപ്പിച്ചാല്‍ ബൗളര്‍മാര്‍ക്കെതിരെ സമ്പൂര്‍ണ ആധിപത്യം നേടുന്ന ശൈലിക്ക് ഉടമയാണ് ശിഖര്‍ ധവാന്‍. ലോകകപ്പില്‍ ഇന്ത്യന്‍ കുതിപ്പിന് നിര്‍ണായക പങ്ക് വഹിക്കുന്ന ധവാന്‍ ആറ് മല്‍സരങ്ങളില്‍നിന്ന് 337 റണ്‍സാണ് ഇതുവരെ സ്വന്തമാക്കിയത്. ഇതില്‍ രണ്ടു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടുന്നുണ്ട്.

സുരേഷ് റെയ്ന:-





ഇന്ത്യന്‍ മധ്യനിരയില്‍ ഏറെ അപകടകാരിയായ ബാറ്റ്സ്‌മാനാണ് സുരേഷ് റെയ്ന. സ്ലോഗ് ഓവറുകളിലും പവര്‍പ്ലേ ഓവറുകളിലും അനായാസം റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള റെയ്ന ആറ് മല്‍സരങ്ങളില്‍നിന്ന് 210 റണ്‍സെടുത്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :