11 വർഷം, റെക്കോർഡുകളുടെ തോഴനായി വിരാട്

വന്നവഴി മറക്കാത്ത നായകൻ, 11 വർഷം തികച്ച് വിരാട് കോഹ്ലി !

Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (17:55 IST)
രാജ്യാന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ പഴങ്കഥയാക്കിയുള്ള വിരാട് കോഹ്ലിയുടെ യാത്രയ്ക്ക് ഇന്നലത്തേക്ക് 11 വർഷം തികഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം വിരാട് കോലി ചേര്‍ന്നിട്ട് പതിനൊന്ന് വര്‍ഷം. 2008 ഓഗസ്റ്റ് 18 -ന് ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയില്‍ വെച്ചാണ് വിരാട് കോലി ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

രാജ്യാന്തര ക്രിക്കറ്റില്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിവരം ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ വിരാട് കോലി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. തന്റെ അരങ്ങേറ്റ മത്സരത്തിലെ ഒരു ചിത്രം അദ്ദേഹം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

'2008 -ല്‍ കൗമാരക്കാരനായി ആദ്യമായി കളിക്കാനിറങ്ങിയതു മുതല്‍ ഇതുവരെ സ്വപ്‌നം കാണാന്‍പോലും പറ്റാത്ത അനുഗ്രഹമാണ് ദൈവം തനിക്ക് മേൽ ചൊരിഞ്ഞത്. സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള കരുത്ത് നിങ്ങളോരോരുത്തര്‍ക്കും ഉണ്ടാകട്ടെ. ഒപ്പം എല്ലായ്‌പ്പോഴും ശരിയായ പാതതന്നെ തിരഞ്ഞെടുക്കപ്പെടട്ടെ' എന്നും വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു.

അന്നത്തെ കൌമാരക്കാരൻ ഇന്ന് ടെസ്റ്റ് - ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയ്ക്കായി 2008 അണ്ടര്‍ 19 ലോകകപ്പ് നേടിയതോടെയാണ് കോലി ശ്രദ്ധിക്കപ്പെടുന്നത്. വൈകാതെ സീനിയര്‍ ടീമിലെത്തി. 2011-ല്‍ കിരീടം നേടിയ ടീമിലും അംഗമായി. അതായിരുന്നു കോഹ്ലിയിലെ നായകനേയും ക്രിക്കറ്റ് താരത്തേയും ലോകം തിരിച്ചറിഞ്ഞ സമയം. ധോനി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷകളും അദ്ദേഹം സ്വന്തം തോളിലേറ്റി. ആ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്.

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിക്കുക എന്നതാണ് ഇനി കോഹ്ലിപ്പടയുടെ ലക്ഷ്യം. ആദ്യ ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ കോലി പങ്കെടുക്കുന്നില്ല. ഏകദിന പരമ്പരയ്ക്കിടെ ഏറ്റ പരുക്കിനെത്തുടര്‍ന്ന് താരത്തിന് അധികൃതര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ഓഗസ്റ്റ് 22 മുതല്‍ 27 വരെയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :