ശ്രീലങ്കയുടെ 'വിക്കറ്റ് വീഴ്ത്തല്‍ യന്ത്രം' മുത്തയ്യ മുരളീധരന്‍റെ അടുത്ത ലക്‍ഷ്യം ആയിരം വിക്കറ്റ്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലൂടെ എഴുനൂറ് വിക്കറ്റ് ക്ലബ്ബില്‍ കടന്ന മുരളി നാട്ടിലെത്തിയ ശേഷമാണ് പുതിയ ലക്‍ഷ്യം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്ത്ത് നടത്തിയ സപിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്‍റെ റെക്കാര്‍ഡ് മറികടക്കാന്‍ ഇനി മുരളിക്ക് മുന്നിലുള്ളത് ഏഴ് വിക്കറ്റുകള്‍ മാത്രം.
അടുത്ത നാല് വര്‍ഷം കൂടി രാജ്യത്തിന് വേണ്ടി പന്തെറിയാമെന്ന പ്രതീക്ഷയിലാണ് മുരളി. അതിനിടയില്‍ ആയിരം വിക്കറ്റ് എന്ന സ്വപ്ന നേട്ടം കൈവരിക്കണം.അടുത്തലോകകപ്പ് ശ്രീലങ്കയിലേക്ക് കൊണ്ടുവരണം, ‘തീസ്‌ര’ എന്ന സ്പിന്‍ തന്ത്രത്തിന്‍റെ ഉപജ്ഞാതാവ് നയം വ്യക്തമാക്കി.
അവസാനത്തെ നൂറ് വിക്കറ്റുകള്‍ വെറും പന്ത്രണ്ട് കളികളില്‍ നിന്നാണ് സ്വന്തമാക്കിയത് എന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ മുരളിയുടേത് അമിത പ്രതീക്ഷയാകുന്നില്ല.1992ല്‍ അരങ്ങേറ്റം കുറിച്ച മുരളി മുപ്പത്തിയഞ്ച് വയസിനിടെ 113 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്‌ട്.
ആസ്ട്രേലിയയ്ക്കെതിരേ നവംബറിലാണ് മുരളിയുടെ അടുത്ത കളി.ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന ആസ്ട്രേലിയന്‍ പിച്ചില്‍ വോണിന്‍റെ റെക്കോര്‍ട്ട് തകര്‍ക്കാനാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും അതിന് വേണ്ടി പരിശ്രമിക്കുമെന്ന് മുരളി വ്യക്തമാക്കുന്നു.