" 2007 വരെ ക്രിക്കറ്റില്‍ തുടരണമെന്നാണ് ആഗ്രഹം. കാരണം 25 മുതല്‍ 30 ടെസ്റ്റുകള്‍ ഇക്കാലയളവില്‍ കളിക്കനായാല്‍ 650 വിക്കറ്റുകള്‍ എന്ന ലക്‍ഷ്യം പിന്നിടാനുള്ള അവസരം ഒരുക്കും." ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍റേതാണ് ഈ വാക്കുകള്‍.
ദ്വാപരയുഗത്തിലെ മുരളീധരന്‍ വിരലില്‍ നിന്ന് സുദര്‍ശനചക്രം കറക്കി വിട്ട് ശത്രുക്കളുടെ തലയറുക്കാന്‍ അയക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ എങ്ങനെയായിരുന്നുവെന്നത് അജ്ഞാതമാണ്. എന്നാല്‍ കലിയുഗത്തിലെ മുത്തയ്യമുരളീധരന്‍ തന്‍റെ വിരലുകളില്‍ നിന്ന് ചുവന്ന ബോള്‍ ബാറ്റ്‌സ്‌മാന്‍റെ നേരെ അയക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളുടെ ഉരുണ്ട ഭാവം ഏതു കൊലകൊമ്പന്‍ ബാറ്റ്‌സ്‌മാനെയും ഭയപ്പെടുത്തും.
ശ്രീലങ്കയിലെ അട്ടാരന്‍ പോട്ടിയില്‍ 1972 ഏപ്രില്‍ 17 ന് ജനിച്ച അഞ്ചടി ഏഴിഞ്ചുകാരനായ തമിഴ് വംശജനെ ചുറ്റിയാണ് മരതകദ്വീപിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ നിലനില്‍ക്കുന്നത്. 2006 ലെ ലോകറാങ്കില്‍ എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഈ വലതുകൈയ്യന്‍ ഓഫ് ബ്രേക്കര്‍ ലോകത്തിലെ ഏത് ദുര്‍ഘട പ്രതലത്തിലും പന്ത് തിരിക്കാന്‍ കഴിയുവനാണ്.
1993-94 ല്‍ കൊളംബോയില്‍ ഇന്ത്യയ്ക്ക് എതിരെ അരങ്ങേറിയ മുരളി ഏകദിനത്തില്‍ 414 ല്‍ അധികം വിക്കറ്റ് നേടി. 23.16 ശരാശരിയില്‍ 8 തവണ 5 വിക്കറ്റ് നേട്ടം കൊയ്‌തത്. തീയ്യില്‍ കുരുത്തവനാണ് മുരളി. സിംഹള കേന്ദ്രീകൃത നയങ്ങള്‍ ക്ക് എന്നും പ്രാധാന്യമുള്ള ശ്രീലങ്കന്‍ ദേശീയ ടീമിലേക്ക് തമിഴ് യൂണിയനും,അത്‌ലറ്റിക് ക്ലബ്ബിനും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്ന മുരളീധരന്‍ എത്തിയത് പ്രതിഭ ഒന്നു കൊണ്ടു മാത്രമാണ്.