ഹോക്കിയ്ക്ക് വേണ്ടി ഗവാസ്കറുടെ ബാറ്റിംഗ്

മുംബൈ| WEBDUNIA|
PRO
പ്രതിഫലം ലഭിക്കുന്നതിനായി ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ സമരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അവരെ സഹായിക്കാന്‍ ആദ്യം മുന്‍‌കൈ എടുത്തത് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഹോക്കി താരങ്ങളുടെ ഗതികേടോര്‍ത്ത് നിരാശനായ ഗവാസ്കര്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെയും ഹര്‍ഭജന്‍ സിംഗിനെയും സമീപിച്ച് ഹോക്കി താരങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഗവാസ്കറുടെ ആവശ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചത്. ഹോക്കി താരങ്ങള്‍ പരിശീലനം പുനരാരംഭിക്കണമെന്നതും അവര്‍ ലോകകപ്പില്‍ മത്സരിക്കണമെന്നതും മാത്രമായിരുന്നു അപ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത്. അതിനാലാണ് മറ്റ് താരങ്ങളുടെ സഹാമഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം ഞാന്‍ ഈ ആവശ്യവുമായി ധോണിയെയും ഹര്‍ഭജനെയും സമീപിച്ചപ്പോള്‍ അവരതിനെ സന്തോഷത്തോടെയാണ് വരവേറ്റത്. മറ്റ് താരങ്ങളുമായി ഇക്കാര്യം സംസാരിക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കുകയും ചെയ്തു-ഗവാസ്കര്‍ പറഞ്ഞു.

ഹോക്കി താരങ്ങള്‍ പരിശീലനം നിര്‍ത്തിയെന്ന വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഇപ്പോള്‍ കമന്‍റേറ്ററായി ധാക്കയിലുള്ള ഗവാസ്കര്‍ പറഞ്ഞു. കളിക്കാര്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനു പകരം പ്രതിഫലത്തിനായി സമയം കളയേണ്ടി വരുന്നത് കഷ്ടമാണ്. ഹോക്കി നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഗവാസ്കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :