സെഞ്ച്വറി ഗംഭീറിന് തുടര്‍ക്കഥ

ചിറ്റഗോംഗ്| WEBDUNIA|
PRO
ഗംഭീറിന്‍റെ സെഞ്ച്വറി വേട്ട തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റിലും തുടരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ സെഞ്ച്വറിയിലൂടെ തുടര്‍ച്ചയായ അഞ്ചു ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ബഹുമതി ഗംഭീര്‍ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ താരം കൂടിയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഗംഭീര്‍.

ഷകീബ് അല്‍ ഹസനെ ലോംഗ് ഓണ്‍ ബൌണ്ടറിക്ക് മുകളിലൂടെ സിക്സറിനു പറത്തിയാണ് ഗംഭീര്‍ ഈ നേട്ടം കൈവരിച്ചത്. 129 പന്തുകളില്‍ 116 റണ്‍സെടുത്ത് പുറത്തായ ഗംഭീര്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ബ്രാഡ്മാന്‍, മുഹമ്മദ് യൂസഫ്, ജാക് കാലിസ് എന്നിവര്‍ മാത്രമാണ് ഗംഭീറിനു മുന്‍പ് തുടര്‍ച്ചയായി അഞ്ചു സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.

2009 മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന നേപ്പിയര്‍ ടെസ്റ്റിലാണ് ഗംഭീര്‍ സെഞ്ച്വറി വേട്ടയ്ക്ക് തുടക്കമിട്ടത്. ന്യൂസിലാന്റിനെതിരെ തന്നെ വെല്ലിംഗ്ടണിലും ശ്രീലങ്കയ്ക്കെതിരെ അഹമ്മദാബാദിലും കാണ്‍പൂരിലുമാണ്‌ ഗംഭീറിന്റെ മറ്റ്‌ സെഞ്ച്വറികള്‍. തുടര്‍ച്ചയായി ആറു ടെസ്റ്റുകളില്‍ സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍റെ റെക്കോര്‍ഡാണ് ഇന്ത്യയുടെ പുതിയ വന്‍‌മതിലായ ഗംഭീറിന്‌ മുന്നില്‍ ഇനി തലകുനിക്കാനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :