ജയവര്‍ധനെയ്ക്കും സമരവീരയ്ക്കും മറുപടിയായി കറാച്ചിയില്‍ യൂനിസ് ഖാന്‍റെ ട്രിപ്പിള്‍സെഞ്ച്വറി. 510 പന്തില്‍ നിന്നാണ് യൂനിസ് 300 കടന്നത്. 27 ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെയായിരുന്നു പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ യൂനിസിന്‍റെ തകര്‍പ്പന്‍ പ്രകടനം.
ഒന്നാമിന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് നേടാമെന്ന ലങ്കന്‍ മോഹത്തിന് പൂര്‍ണമായ അന്ത്യം കുറിച്ചുകൊണ്ടാണ് യൂനിസ് ഖാന്‍ കറാച്ചിയില്‍ നിറഞ്ഞുനിന്നത്. ഇരട്ട ശതകം നേടിയ ശേഷം യൂനിസ് ആക്രമണ ബാറ്റിംഗിലേക്ക് വഴുതിമാറി. മൂന്ന് സിക്സറുകളും നാല് ബൌണ്ടറികളുമാണ് മൂന്നാം ശതകം കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ യൂനിസ് പറത്തിയത്.
പാകിസ്ഥാന്‍റെ ഇന്നിംഗ്സ് 191 ഓവര്‍ പിന്നിടുമ്പോള്‍ യൂനിസ് 513 പന്തില്‍ നിന്ന് 304 റണ്‍സ് എടുത്തിട്ടുണ്ട്. കമ്രാന്‍ അക്മലാണ് ഇപ്പോള്‍ യൂനിസിനൊപ്പം ക്രീസില്‍. രാവിലെ നായകന് ശക്തമായ പിന്തുണ നല്‍കിയ വൈസ് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹക്കിന്‍റെ വിക്കറ്റ് ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പാകിസ്ഥാന് നഷ്ടപ്പെട്ടു. 42 റണ്‍സെടുത്ത മിസ്ബയെ ഫെര്‍ണാണ്ടോ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 153 പന്തുകള്‍ നേരിട്ട മിസ്ബ മൂന്ന് ഫോറുകളുടെയും ഒരു സിക്സിന്‍റെയും കരുത്തിലാണ് 42 റണ്‍സ് നേടിയത്.