വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിയുടെ കരുത്തില്‍ കിവികള്‍ ഒന്‍പതു വിക്കറ്റിന് 609 എന്ന നിലയില്‍ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്‌തു.
ടെയ്‌ലര്‍ 217 റണ്‍സോടെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്. നേരത്തേ മൂന്നു വിക്കറ്റിന് 367 എന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച ന്യൂസിലാന്‍ഡിന് തുടക്കത്തിലേ ബ്രണ്ടന്‍ മക്കെല്ലത്തെ (113) നഷ്ടപ്പെട്ടു. വാലറ്റക്കാരെ കൂട്ടുപിടിച്ചു ടെയ്‌ലര്‍ കന്നി ഡബിള്‍ സെഞ്ചുറിയിലെത്തി.
തുടക്കത്തിലേ തിരിച്ചടി നേരിട്ടാണു വിന്‍ഡീസിന്റെ ബാറ്റിങ്. ടീം സ്കോര്‍ നാലില്‍ നില്‍ക്കെ, പൂജ്യനായി എഡ്വേഡ്സും കീറോണ്‍ പവലും (ഏഴ്) പുറത്തായതോടെ രണ്ടിന് 24 എന്ന നിലയിലേക്കു വീണ വിന്‍ഡീസിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 67ല്‍ എത്തിച്ചതു ഡാരന്‍ ബ്രാവോയും (37) മര്‍ലോണ്‍ സാമുവല്‍സും (14) ചേര്‍ന്നാണ്. വിന്‍ഡീസിനായി ടിനോ ബെസ്റ്റ് മൂന്നു വിക്കറ്റ് വീഴ്ത്തി; ഡാരന്‍ സമ്മിയും ഡിയോനരെയ്നും രണ്ടു വിക്കറ്റുകള്‍ വീതവും.