പരസ്യവരുമാനത്തിലും ധോണി നമ്പര്‍ വണ്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റിലെ പരസ്യരാജാവെന്ന പദവി ഇനി മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സ്വന്തം. ടാലന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനമായ റിടി സ്പോര്‍ട്സ് മാനേജ്മെന്‍റ് ആന്‍ഡ് മൈന്‍‌ഡ്സ്കേപ്സ് വണ്ണുമായി മൂന്നുവര്‍ഷത്തേയ്ക്ക് 200 കോടി രൂപയുടെ പരസ്യക്കരാര്‍ ഒപ്പിട്ടതോടെയാണ് പരസ്യ വരുമാനത്തില്‍ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളി ധോണി ഒന്നാമനായത്.

കരാര്‍ അനുസരിച്ച് അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് ധോണിയുടെ എല്ലാ പരസ്യക്കരാറുകളും ഡിജിറ്റല്‍ അവകാശങ്ങളും, സോഷ്യല്‍ നെറ്റ്‌‌വര്‍ക്കിംഗ് വെബ്സൈറ്റിലെ പങ്കാളിത്തമടക്കമുള്ള എല്ലാ അവകാശങ്ങളും റിടി സ്പോര്‍ട്സ് മാനേജ്മെന്‍റിനായിരിക്കും. 2006ല്‍ ഐക്കണിക്സുമായി 180 കോടി രൂപയുടെ പരസ്യക്കരാര്‍ ഒപ്പിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ധോണി പുതിയ കരാറിലൂടെ പിന്തള്ളിയത്. ഹര്‍ഭജന്‍ സിംഗ്, ആര്‍ പി സിംഗ് എന്നിവരുമായും റിടി സ്പോര്‍ട്സിന് പരസ്യക്കരാര്‍ നിലവിലുണ്ട്.

ഫോബ്‌സ്‌ മാസിക പുറത്തിറക്കിയ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്രിക്കറ്റ്‌ താരങ്ങളുടെ പട്ടികയിലും ഒന്നാമനാണ് ധോണി. ഫോബ്സിന്‍റെ കണക്ക് പ്രകാരം ഒരുകോടി ഡോളറാണ് ധോണിയുടെ വരുമാനം‌. എണ്‍പതുലക്ഷം ഡോളറുമായി സച്ചിന്‍ രണ്ടാം സ്ഥാനത്തും യുവരാജ്‌(55ലക്ഷം ഡോളര്‍), രാഹുല്‍(50ലക്ഷംഡോളര്‍) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്‌.

ഇന്ത്യയിലെ കായിക താരങ്ങളെയും ബോളിവുഡ്‌ താരങ്ങളെയും പരിഗണിക്കുമ്പോള്‍ പരസ്യങ്ങളുടെ എണ്ണത്തില്‍ ധോണി രണ്ടാം സ്ഥാനത്താണ്‌. 17 കമ്പനികളുടെ പരസ്യത്തിലാണ്‌ ധോണി ഇപ്പോ‍ള്‍ അഭിനയിക്കുന്നത്‌. ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധോണിയ്ക്ക് മുന്നിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :