ധോണിപ്പടയ്ക്ക് പതിനൊന്നാം വിജയം!

ചെന്നൈ: | WEBDUNIA|
PRO
PRO
പ്ളേഓഫില്‍ ഇടംനേടിയ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 11ാം വിജയം. തോല്‍വി ശീലമാക്കിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സാവട്ടെ സീസണിലെ 11ാം തോല്‍വിയും ഏറ്റുവാങ്ങിയാണ് ചെപ്പോക്ക് സ്റ്റേഡിയത്തില്‍നിന്നും മടങ്ങിയത്. സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ധോണിയും സംഘവും 33 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയവുമായി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. എന്നാല്‍ ദല്‍ഹിയുടെ പോരാട്ടം ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു.

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവാണ് (35 പന്തില്‍ 58 നോട്ടൗട്ട്) ചെന്നൈക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. പോയന്‍റ് പട്ടികയില്‍ ഒന്നാം നമ്പര്‍ തിരിച്ചുപിടിക്കാനിറങ്ങിയ ചെന്നൈക്ക് ഓപണര്‍മാരായ മൈക് ഹസിയും (26) മുരളി വിജയും (31) മികച്ച തുടക്കമാണ് നല്‍കിയത്. മധ്യ ഓവറുകളില്‍ റണ്‍സൊഴുക്ക് തടസ്സപ്പെട്ടതോടെ റണ്‍നിരക്ക് കുറഞ്ഞു. അവസാന ഓവറുകളില്‍ ആഞ്ഞുവീശിയ ക്യാപ്റ്റന്‍ ധോണിയാണ് പിന്നീട് മികച്ച ടോട്ടലിലേക്ക് നയിച്ചത്. രണ്ട് ബൗണ്ടറിയും നാല് സിക്സുകളുമായി ചിദംബരം സ്റ്റേഡിയത്തെ ത്രസിപ്പിച്ചാണ് ധോണി ടോപ്സ്കോററായത്. 24ഉം ഡ്വെ്ന്‍ ബ്രാവോ പുറത്താവാതെ 12ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി തുടക്കം തന്നെ പതറി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍തന്നെ വീരേന്ദര്‍ സെവാഗ് (0) പുറത്ത്. ടൂര്‍ണമെന്‍റിലുടനീളം നാണംകെട്ട ടീമിന് ഒരു ഘട്ടത്തില്‍പോലും വിജയപ്രതീക്ഷയില്ലായിരുന്നു. പേരിനെങ്കിലും ചെറുത്തുനില്‍പ് നടത്തിയത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍നര്‍ (37 പന്തില്‍ 44) മാത്രം. ഉന്മുക്ത് ചന്ദ് (16), ജൊഹാന്‍ ബോത (23), വാന്‍ഡര്‍ മെര്‍വ് (14), ഉമേഷ് യാദവ് (12) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാര്‍. ആല്‍ബി മോര്‍കല്‍ മൂന്നും, ഡ്വെ്ന്‍ ബ്രാവോ, ആര്‍. അശ്വിന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :