കശ്മീരിനെ അനുനയിപ്പിക്കാന്‍ പര്‍വേസ് റസൂല്‍ ഇന്ത്യന്‍ ടീമിലേക്ക്?

പര്‍വേസ് റസൂല്‍| WEBDUNIA|
PRO
പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു കശ്മീരിലുണ്ടാക്കിയ തീയണക്കാന്‍ പര്‍വേസ് റസൂലിനെ ടീം ഇന്ത്യയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍.

ക്രിക്കറ്റും കശ്മീരില്‍ നിന്നും ഐപി‌എല്‍ ടീമിലെത്തിയ ആദ്യതാരമായ റസൂല്‍ പര്‍വേസും കശ്മീരികളുടെ വികാരമാണ്. പക്ഷേ ഭരണതീരുമാനങ്ങള്‍ക്കും മറ്റും അപ്പുറം പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ് ഈ താരം. കാശ്മീരില്‍ നിന്നുള്ള ഈ ഓര്‍റൗണ്ടര്‍ പര്‍വേസ് റസൂര്‍ ടീം ഇന്ത്യയുടെ പുതിയ വാഗ്ദാനമാകുമെന്ന് പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ചെന്നൈയിലെ ഗുരു നാനാക്ക് കോളെജ് ഗ്രൗണ്ടില്‍ ഏഴു ഓസ്ട്രേലിയന്‍ തലകള്‍ ഒന്നൊന്നായി അരിഞ്ഞിട്ടുകൊണ്ടാണ് പര്‍വേസ് ഞെട്ടിച്ചത്. താമസിയാതെ പര്‍വേസ് റസൂലിനെ ഐപില്‍ ടീമായ പൂനെ വാരിയേഴ്സ് സ്വന്തമാക്കി. ജമ്മു കശ്മീരില്‍ നിന്ന് ഐപിഎല്‍ ടീമിലെത്തുന്ന ആദ്യ താരമാണ് 24കാരനായ റസൂല്‍.

ഫുള്‍ സ്ലീവ്സ് ഇടാതെ പന്തെറിയാന്‍ ധൈര്യമുള്ള ഓഫ് സ്പിന്നറുടെ ബൗളിങ് ആക്ഷനാണ് ജമ്മു കശ്മീരിന്‍റെ ഹെഡ് കോച്ച് ബിഷന്‍ സിങ് ബേദിയെ ഈ പയ്യനെ ശ്രദ്ധിക്കാന്‍ കാരണമായത്. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ ആദ്യമായി ഈ പേര് രാജ്യം ശ്രദ്ധിക്കുന്നത് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്ഫോടക വസ്തു കണ്ടെടുത്തതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യപ്പെട്ട ജമ്മു കശ്മീര്‍ ക്രിക്കറ്ററെന്ന നിലയിലായിരുന്നു. കുറ്റം ചുമത്താതെ പൊലീസ് അന്നു വെറുതേ വിട്ടു.

ജമ്മു കശ്മീരിന്‍റെ ബാറ്റിങ്, ബൌളിംഗ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനക്കാരനായ ഇരുപത്തിമൂന്നുകാരനെ സെലക്റ്റര്‍മാര്‍ എന്നിട്ടും കൈവിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ ദാരിദ്ര്യത്തിനും ഓള്‍റൗണ്ടര്‍ ക്ഷാമത്തിനും ഒരുപോലെ ഇദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടു. ഇനി ബിസിസിഐ സെലക്റ്റര്‍മാര്‍ കനിഞ്ഞാല്‍ കശ്മീരിനെ ഇന്ത്യന്‍ കായിക ലോകത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ ഈ റസൂലിനാകും.

കശ്മീരിന്റെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവുന്നത്ര ശ്രമിക്കുമെന്നും സര്‍ക്കാരിന്റെ പോളിസി തന്നെ കശ്മീരിന്റെ കായിക ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണെന്നുള്ള ബിസിസിഐ വൈസ് പ്രസിഡന്റും യുപിഎ മന്ത്രിയുമായ രാജീവ് ശുകള്യുടെ വാക്കുകളും പ്രതീക്ഷയുണര്‍ത്തുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :