അഹമ്മദാബാദിലെയും മോശം പിച്ച്: ഭാജി

ജലന്ധര്‍| WEBDUNIA|
PRO
ഫിറോസ് ഷാ കോട്‌ല പിച്ച് വിവാദം കെട്ടടങ്ങും മുന്‍പേ ഇന്ത്യന്‍ ക്രിക്കറ്റിനു നേര്‍ക്ക് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്‍റെ മറ്റൊരു ദൂസ്‌ര കൂടി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയായ അഹമ്മദാബാദിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജ്യമല്ലായിരുന്നുവെന്ന് ഭാജി പറഞ്ഞു. മൊട്ടേരയിലേത് പൂര്‍ണമായും ഒരു ബാറ്റിംഗ് സ്വര്‍ഗമായിരുന്നു.

ഇത് ബൌളര്‍മാരോട് കാട്ടുന്ന അനീതിയാണ്. താനും മുരളിയും അമിത് മിശ്രയുമടക്കമുള്ള ബൌളര്‍മാരാണ് ഇതിന്‍റെ ദുരന്തം അനുഭവിച്ചതെന്നും ഭാജി വ്യക്തമാക്കി. സമനിലയിലായ ആദ്യ ടെസ്റ്റില്‍ രണ്ട് ടീമും ചേര്‍ന്ന് 1598 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു ദിവസം കൊണ്ട് ആകെ വീണതോ 21 വിക്കറ്റും. ബൌളര്‍മാരെ കൊല്ലുന്ന ഇത്തരം വിക്കറ്റുകളില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുതെന്നും ഭാജി ആവശ്യപ്പെട്ടു.

ബാറ്റ്‌സ്മാനും ബൌളര്‍ക്കും ഒരുപോലെ അവസരമുള്ള പിച്ചുകളായിരിക്കണം ഒരുക്കേണ്ടത്. തുടക്കത്തില്‍ ഫാസ്റ്റ് ബൌളര്‍മാര്‍ക്കും പിന്നീട് സ്പിന്നര്‍മാര്‍ക്കും അവസരം നല്‍കുന്ന പിച്ചുകളൊരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഈ വര്‍ഷം 10-12 ടെസ്റ്റുകളെങ്കിലും കളിക്കുകയും ജയിക്കുകയും വേണമെന്നും ഭാജി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :