അഫ്ഗാന്‍ പോരാളികളെ അരിഞ്ഞ് വീഴ്ത്തി ശ്രീലങ്കന്‍ പട

മിര്‍പുര്‍| WEBDUNIA|
PRO
സ്പാര്‍ട്ടന്‍സിനു മുന്നില്‍ തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന പേര്‍ഷ്യന്‍സിന്റെ അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസത്തെ അഫ്ഗാനിസ്ഥാന്റെ പ്രകടനം. ശ്രീലങ്കയെന്ന കരുത്തന്‍ പടയോട് ദയനീയമായി അഫ്ഗാന്‍ പോരാളികള്‍ക്ക് തോല്‍ക്കേണ്ടിവന്നു. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു.

ശ്രീലങ്ക ഉയര്‍ത്തിയ 254 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 124 റണ്‍സിന് തകര്‍ന്നടിഞ്ഞു. 129 റണ്‍സിന്റെ വമ്പന്‍ തോല്‍വി. തുടക്കത്തില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ടീമിനെ മികച്ച നിലയിലേക്ക് ഉയര്‍ത്തിയത് മുന്‍നായകന്‍ കുമാര്‍ സംഗക്കാരയാണ് (76).

ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാര്‍ പുറത്തെടുത്ത പോരാട്ടവീര്യം ലങ്കക്കെതിരെ പ്രയോഗിക്കാനായില്ല. ശ്രീലങ്കന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ അവര്‍ ഓരോരുത്തരായി അറ്റ് വീണു. അവസാനത്തെ മൂന്ന് റണ്‍സ് എടുക്കുന്നതിനിടയില്‍ അഫ്ഗാന്റെ അഞ്ച് പോരാളികളാണ് പവനിയിലേക്ക് മടങ്ങിയത്.

ലങ്കയ്ക്കുവേണ്ടി അജാന്ത മെന്‍ഡിസ് 11 റണ്‍സിനും തിസാര പെരേര 29 റണ്‍സിനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പേസ് ബൗളര്‍ സുരാംഗ ലക്മലും ഇടങ്കയ്യന്‍ സ്പിന്നര്‍ ചതുരംഗ ഡിസില്‍വയും രണ്ടു വിക്കറ്റു വീതമെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :