ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. വളരെ തന്ത്രപരമായ തീരുമാനമാണ് ശ്രീലങ്കന്‍ പട പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ബാറ്റ് ചെയ്യുന്നത്.
ആതിഥേയരായ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയോട് ഏറ്റുമുട്ടും. തുടര്‍ച്ചയായി എട്ട് ഏകദിന മത്സരങ്ങളില്‍ ജയംനേടാന്‍ കഴിയാതിരുന്നതിനു പിന്നാലെയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോട് വിജയിച്ചത്.
മഹേന്ദ്ര സിങ് ധോണിക്കു പകരം ടീമിനെ നയിക്കുന്ന വിരാട് കോഹ്ലിയുടെ സെഞ്ചുറിയാണ് ജയം ഒരുക്കിയത്. ഏകദിന ടീമില്‍ തിരിച്ചെത്തിയ അജിന്‍ക്യ രഹാനെ 73 റണ്ണുമായി നായകന് ഉറച്ച പിന്തുണ നല്‍കി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 279 റണ്‍സ് മറികടന്നാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇന്ത്യയുടെ ബാറ്റിംഗ് ശക്തമാണെങ്കിലും ബൌളിംഗില്‍ വീഴ്ചകള്‍ വരുന്നുണ്ട്. 10 ഓവറില്‍ 37 റണ്‍ വഴങ്ങിയ രവീന്ദ്ര ജഡേജ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
എന്നാല്‍ നേരത്തെ നടന്ന മത്സരത്തില്‍ കരുത്തരായ പാകിസ്ഥാനെ 12 റണ്‍സിന് ശ്രീലങ്ക തോല്‍പ്പിച്ചിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അവര്‍ 296 റണ്ണാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 48.5 ഓവറില്‍ 284ന് ഓള്‍ ഔട്ടാക്കുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത മത്സരം മാര്‍ച്ച് രണ്ടിന് പാകിസ്ഥാനുമായാണ്.