പിച്ചിനെയും ബൗളറെയും പേടിയില്ല: സെവാഗ്‌

മുംബൈ: | WEBDUNIA| Last Modified ശനി, 24 നവം‌ബര്‍ 2012 (10:32 IST)
PRO
PRO
പിച്ചിനെയും ബൗളറെയും പേടിയില്ലെന്ന് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗ്‌. ബാറ്റിലേക്കു വരുന്ന പന്തിനെ ശക്തിയായി അടിച്ചകറ്റുക മാത്രമാണു തന്റെ ലക്ഷ്യം. ആര്‌ ബൗള്‍ ചെയ്യുന്നു, ഏതു പിച്ചില്‍ കളിക്കുന്നു എന്നതൊന്നും തന്നെ അലട്ടാറില്ല. നൂറാം ടെസ്റ്റ്‌ കളിക്കുന്ന സെവാഗ്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

നൂറു ടെസ്റ്റ്‌ കളിക്കുക എന്നത്‌ ഏതു താരത്തെ സംബന്ധിച്ചും അവിസ്മരണീയ മൂഹൂര്‍ത്തമാണ്‌. എണ്‍പതു വര്‍ഷത്തെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഒന്‍പതു താരങ്ങള്‍മാത്രമാണു നൂറു ടെസ്റ്റു മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്‌. അവരോടൊപ്പം സ്ഥാനം നേടുക എന്നത്‌ വളരെ സന്തോഷകരമായ കാര്യമാണ്‌. - സെവാഗ്‌ പറഞ്ഞു.
നൂറാം ടെസ്റ്റിന്‌ താന്‍ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നൂറാം ടെസ്റ്റ്‌ കളിച്ചത്‌ എങ്ങനെ ആഘോഷിക്കണമെന്നു തീരുമാനിച്ചിട്ടില്ലെന്നും അതെല്ലാം ഭാര്യയുമായി ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

30 റണ്‍സ്‌ നേടിയ സെവാഗ്‌ പനേസറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണു പുറത്തായത്‌. അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ സെവാഗ്‌ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റില്‍ 50.89 റണ്‍സ്‌ ശരാശരിയോടെ 8448 റണ്‍സാണ്‌ സെവാഗ്‌ നേടിയിട്ടുള്ളത്‌. ഇതില്‍ 23 സെഞ്ചുറികളുണ്ട്‌. രണ്ടു ട്രിപ്പിള്‍ സെഞ്ചുറികളും നാലു ഡബിള്‍ സെഞ്ചുറികളും അദ്ദേഹത്തിന്റെ സെഞ്ചുറി ലിസ്റ്റിലുണ്ട്‌. 32 അര്‍ധസെഞ്ചുറികളും സെവാഗിന്റെ പേരിലുണ്ട്‌. ടെസ്റ്റില്‍ 82.45 ആണ്‌ സെവാഗിന്റെ സ്ട്രൈക്‌ റേറ്റ്‌ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :