ഗോൾഡ ഡിസൂസ|
Last Updated:
വ്യാഴം, 16 ജനുവരി 2020 (11:22 IST)
വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിൽ എന്നും മുൻനിരയിൽ തന്നെയുള്ള താരമാണ് എം എസ് ധോണി. ഇന്ത്യയ്ക്ക് സ്വന്തമായൊരു സ്ഥാനമൊരുക്കി നൽകിയതും ധോണി തന്നെയാണ്. ആ ഇതിഹാസ താരത്തിന്റെ പിൻഗാമിയെന്ന് അറിയപ്പെടുന്നത് യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. സഞ്ജു സാംസണിന്റെ പേരും ഉയർന്നു വരുന്നുണ്ടെങ്കിലും സിലക്ടർമാർക്ക് പ്രിയം പന്തിനെ തന്നെയാണ്.
ഓരോ മത്സരങ്ങളിൽ നിന്നായി നിരവധി കയറ്റിറക്കങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പന്തിന്റെ കഴിവിൽ സെലക്ടർമാർക്ക് പൂർണ വിശ്വാസം തന്നെയാണ്. തോൽവിയിലും ഇക്കൂട്ടർ പന്തിനെ വിമർശിക്കാതെ ചേർത്തു നിർത്തുന്നത് കാണുമ്പോൾ മലയാളികൾ അടക്കമുള്ളവർ പഴി ചാരുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ‘നോർത്ത് ഇന്ത്യൻ ലോബി’യെ ആണ്.
സഞ്ജുവിനെക്കാൾ പന്തിനെ പരീക്ഷിക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഇടംകൈ ബാറ്റ്സ്മാൻ എന്നതാണ് അതിലെ പ്രധാന കാരണം. ഇടം കൈയ്യൻ എന്നത് പന്തിനു മറ്റ് ബാറ്റ്സ്മാൻമാരിൽ നിന്നും മുൻതൂക്കം നൽകുന്നുണ്ട്. ബാറ്റിങ് ലൈനപ്പിൽ തന്ത്രപ്രധാനമായ സ്ഥാനം ഇടംകയ്യൻമാർക്കുള്ളതിനാൽ പന്തിന് തന്നെയാണ് ആദ്യ പരിഗണന.
മറ്റൊന്ന് സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ ആണ്. ഒരു നാലാം നമ്പർ കളിക്കാരനാണ് സഞ്ജു. ബാറ്റിങ് ശൈലികൊണ്ടും കളിക്കുന്ന സാഹചര്യങ്ങൾകൊണ്ടും നാലാം നമ്പറിൽ മാത്രം തിളങ്ങാൻ സാധിക്കുന്ന താരം. അവിടെ നിന്നും മാറ്റി സഞ്ജുവിനെ പരീക്ഷിക്കുന്നത് ഫലം കാണാറില്ല. എന്നാൽ, ഇവിടെയാണ് പന്ത് വ്യത്യസ്തനാകുന്നത്.
ബാറ്റിങ് ലൈനപ്പിൽ ഏത് സ്ഥാനത്ത് ഇറക്കിയാലും ഫലം കാണുന്ന താരമാണ് പന്ത്. പന്തിനെ എവിടെ വേണമെങ്കിലും പരീക്ഷിക്കാവുന്നതാണ്. ഇന്ത്യൻ ടീമിന്റെ നിലവിലെ ബാറ്റിങ് ലൈനപ്പിൽ സഞ്ജുവിനേക്കാൾ ഉത്തമം പന്താണെന്ന് സിലക്ടർമാർ കരുതുന്നുണ്ട്.